കേരളത്തിലെ 7പാർട്ടികളുൾപ്പടെ 334 പാർട്ടികളുടെ അംഗീകാരം റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: രാജ്യത്തെ 334 പാർട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ). ദേശീയ പാർട്ടിയായി നിലനിൽക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ എന്നിവ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പാർട്ടികള്‍ക്കും അംഗീകാരം നഷ്‌ടപ്പെട്ടു.
കേരളത്തിൽനിന്ന് ആര്‍.എസ്.പി.(ബി), ആര്‍.എസ്.പി.ഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയുടെ എന്നിവയുടെ അംഗീകാരമാണ് എടുത്തുകളഞ്ഞത്. റജിസ്ട്രേഷന്‍ റദ്ദാകുന്നതോടെ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയും ആദായ നികുതി ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും. പാര്‍ട്ടികളോട് വിശദീകരണം തേടിയശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളനുസരിച്ച് തുടർച്ചയായി ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ രജിസ്റ്റർ ചെയ്‌ത പാർട്ടികളുടെ അംഗീകാരം നഷ്‌ടപ്പെടും. കൂടാതെ, 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29A അനുസരിച്ച് രജിസ്ട്രേഷൻ സമയത്ത് പാർട്ടികളുടെ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും വേണം.ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്ത 345 രാഷ്‌ട്രീയ പാർട്ടികളെക്കുറിച്ച് അന്വേഷണം നടത്താൻ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നതായി നേരത്തെ പറഞ്ഞിരുന്നു.
അന്വേഷണത്തിന് ശേഷം, ഈ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ഓഫിസർമാർ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഓരോ കക്ഷിക്കും വാദം അവതരിപ്പിക്കാനുള്ള സമയം നൽകുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, രജിസ്റ്റർ ചെയ്‌ത 345 പാർട്ടികളിൽ 334 പാർട്ടികളും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
ബാക്കിയുള്ളത് പരിശോധനയ്ക്കായി തിരികെ അയച്ചു. ആകെയുണ്ടായിരുന്ന 2854 പാർട്ടികളിൽ 2520 എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്.1951 ലെ ആർപി ആക്‌ടിലെ സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നീ വ്യവസ്ഥകളും, 1961 ലെ ആദായനികുതി നിയമം, 1968 ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളെ സംബന്ധിച്ച നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്തരം പാർട്ടികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഇസിഐ അറിയിച്ചു. ഉത്തരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി നിലനിൽക്കുന്നുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാമെന്നും വോട്ടെടുപ്പ് പാനൽ അറിയിച്ചു.