വോട്ടർ പട്ടികയിലെ ക്രമക്കേട് :തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി ഡി കെ ശിവകുമാർ

ബെംഗളൂരു: വോട്ടർ പട്ടികയിലെ കൃത്രിമത്വം അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മഹാദേവപുര നിയമസഭാ മണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് അന്വേഷിക്കാനാണ് അപ്പീൽ. കർണാടക കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കമ്മീഷനെ സമീപിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ 1,00,250 കള്ളവോട്ടുകൾ കണ്ടെത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നത്.
വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബംഗളുരുവിൽ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവുകൾ കണക്കിലെടുത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാർച്ച് ചെയ്യേണ്ടെന്ന് തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്ന് ഡികെ പറഞ്ഞു.
കുറച്ച് നേതാക്കൾ മാത്രമാണ് മെമ്മോറാണ്ടം സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്.
“മഹാദേവപുര, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ലിസ്റ്റ് ഞങ്ങൾ കമ്മിഷന് സമർപ്പിച്ചിട്ടില്ല. പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി പുറത്തിറക്കിയത് ഒരു ഉദാഹരണം മാത്രമാണ്. സംസ്ഥാനത്തുടനീളം ഇത്തരം നിരവധി കേസുകളുണ്ട്, അതിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ കമ്മിഷനോട് അപേക്ഷിച്ചിട്ടുണ്ട്. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തതിന് മതിയായ തെളിവുകളുണ്ട്. വിലാസങ്ങളില്ലാത്ത വോട്ടർ ഐഡികൾ, വിലാസം രേഖപ്പെടുത്തേണ്ട സ്ഥലത്ത് ഒഴിഞ്ഞുകിടക്കുന്ന കോളങ്ങള്‍ തുടങ്ങിയവ ക്രമക്കേട് നടന്നു എന്നതിന് മതിയായ തെളിവുകളാണ്,” ശിവകുമാർ പറഞ്ഞു.
കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് ലിസ്റ്റ് തയാറാക്കാൻ വളരെ എളുപ്പമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ സാമാന്യ മര്യദയെങ്കിലും കാണിക്കണമായിരുന്നു. തങ്ങൾ ഇത് കമ്മിഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് ദേശീയ തലത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്, അതിനാലാണ് തങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതെന്നും ഡികെ ശിവകുമാർ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥൻ അൻബുകുമാർ അന്വേഷണം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.