വേടനായി തിരച്ചില്‍, കേരളത്തിന് പുറത്തേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വേടനായി അന്വേഷണം നടത്തുന്നത്.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.