കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വാഞ്ഛാ കല്‍പലതാ മഹാ ഗണപതി ഹോമവും മഹാഭഗവതി സേവയും

പാലക്കാട്: നെല്ലായ മോളൂരിലുള്ള ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 2025 ഓഗസ്റ്റ് 9, 10 തീയതികളില്‍ (ശനി, ഞായര്‍) ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി വാഞ്ഛാ കല്‍പലതാ മഹാ ഗണപതി ഹോമവും മഹാഭഗവതി സേവയും നടക്കും. ശ്രീചക്രം ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍, ക്ഷേത്രം തന്ത്രി അകത്തേക്കുന്നത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
പ്രധാന ചടങ്ങുകള്‍:
ഓഗസ്റ്റ് 9 (ശനി): വൈകിട്ട് 5:30-ന് മഹാഭഗവതി സേവ. ഓഗസ്റ്റ് 10 (ഞായര്‍): പുലര്‍ച്ചെ 4 മണിക്ക് നടതുറക്കും. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം എന്നിവ നടക്കും. രാവിലെ 5:30-ന് 108 നാളികേരം സമര്‍പ്പിക്കുന്ന വാഞ്ഛാ കല്‍പലതാ മഹാ ഗണപതി ഹോമത്തിന് തുടക്കമാകും. ഭക്തര്‍ക്ക് ഗണപതിഹോമത്തിനും ഭഗവതിസേവയ്ക്കും പുറമെ ഗണപതി സൂക്തം, ഭാഗ്യസൂക്തം, ശ്രീസൂക്തം, സ്വയംവര മന്ത്രം തുടങ്ങിയ വിവിധ പുഷ്പാഞ്ജലികള്‍ക്കും സൗകര്യമുണ്ട്. ഹോമത്തിനുള്ള നാളികേരം, ശര്‍ക്കര, നെയ്യ് തുടങ്ങിയ ദ്രവ്യങ്ങള്‍ ഓഗസ്റ്റ് 9-ന് വൈകിട്ട് 7 മണിക്കുള്ളില്‍ ക്ഷേത്രത്തില്‍ എത്തിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹോമ പ്രസാദം ഓഗസ്റ്റ് 10-ന് രാവിലെ 9 മണി മുതല്‍ വിതരണം ചെയ്യും.