ആഗോള അയ്യപ്പസംഗമം പമ്പയിൽ,സെപ്റ്റംബറിൽ നടക്കും

തിരുവനന്തപുരം:ശബരിമലയെ ഒരു ആഗോള തീർഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ‘തത്വമസി’ എന്ന വിശ്വമാനവികതയുടെ സന്ദേശം പ്രചരിപ്പിക്കാനുമായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു.സെപ്റ്റംബർ മൂന്നാം വാരം പമ്പയിൽ വെച്ചാണ് ചരിത്രപ്രധാനമായ ഈ സംഗമം നടക്കുകയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ 75-ാം വാർഷികത്തിന്‍റെ കൂടി ഭാഗമായാണ് ഈ ആഗോള കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ ഏകദേശം 3,000 പ്രതിനിധികൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സെഷനുകളോടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന സംഗമം സെപ്റ്റംബർ 16 നും 21 നും ഇടയിൽ നടത്താനാണ് നിലവിൽ ഉദ്ദേശിക്കുന്നത്. കൃത്യമായ തീയതി പിന്നീട് തീരുമാനിക്കും.
സംഗമത്തിൽ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് തലേദിവസം പമ്പയിലെത്തി ദർശനം നടത്താനുള്ള പ്രത്യേക സൗകര്യവും ഒരുക്കുന്നതിനാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. 3,000 പേർക്ക് ഇരിക്കാനായി തീർഥാടനകാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ജർമ്മൻ പന്തൽ പമ്പയിൽ നിർമ്മിക്കും. ഭാവിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ കൂട്ടായ്മകൾക്ക് ഈ സംഗമം ഒരു തുടക്കമാകുമെന്നും മന്ത്രി വാസവൻ.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവങ്ങളിൽ ഏകദേശം 53 ലക്ഷത്തിലധികം തീർഥാടകർക്ക് യാതൊരുവിധ പരാതികളുമില്ലാതെ സുഗമമായ ദർശനം ഒരുക്കാൻ സാധിച്ചത് പൊതുവായി അംഗീകരിക്കപ്പെട്ട കാര്യമാണ്. ഈ അനുഭവത്തിന്‍റെ വെളിച്ചത്തിൽ, ഭാവിയിൽ ഭക്തർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് കേരള സർക്കാരിന്‍റെ ലക്ഷ്യം.