സ്വയം ആധാരം എഴുതുന്ന സംവിധാനം ഒഴിവാക്കാൻ രജിസ്ട്രേഷൻ വകുപ്പ്

കോഴിക്കോട്:കേരളത്തിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് സ്വയം ആധാരം എഴുതുന്ന സംവിധാനം ഒഴിവാക്കാൻ രജിസ്ട്രേഷൻ വകുപ്പ് തീരുമാനിച്ചു. ആധികാരികത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി. ഇനി മുതൽ ആധാരമെഴുത്തുകാരോ അഭിഭാഷകരോ വഴി മാത്രമേ ഭൂമി രജിസ്ട്രേഷന് അനുമതിയുണ്ടാകൂ.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത്, 2012-ൽ, സ്വയം ആധാരം എഴുതാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ അതിനുശേഷം സ്വയം തയാറാക്കിയ നാലായിരത്തിലധികം മുദ്രപത്രങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെട്ടു.
സംസ്ഥാനത്തെ ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയായാൽ, പോക്കുവരവ്, ഭൂനികുതി അടയ്ക്കൽ, അതിർത്തി നിർണയം തുടങ്ങിയ കാര്യങ്ങൾ ‘എൻ്റെ ഭൂമി’ പോർട്ടലിൽ ലഭ്യമാക്കുമെന്ന് ആധാരമെഴുത്തുകാരുടെ സംഘടനയുടെ കോഴിക്കോട് ജില്ലാ ഭാരവാഹി ഉഷ കെ സി പറഞ്ഞു. ആധാരം സ്വയം എഴുതാനുള്ള സൗകര്യം തുടക്കത്തിൽ ഈ പോർട്ടലിൽ ഉണ്ടാകില്ല. പകരം, രജിസ്ട്രേഷൻ വകുപ്പിൻ്റെ ‘സേവന’ പോർട്ടൽ വഴിയായിരിക്കും ഇതിനുള്ള സൗകര്യം ലഭ്യമാക്കുക. പിന്നീട്, ഈ സൗകര്യങ്ങൾ ‘എൻ്റെ ഭൂമി’ പോർട്ടലുമായി സംയോജിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ, റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ ഭൂമിസംബന്ധമായ സേവനങ്ങൾ സംയോജിപ്പിക്കുന്ന ഏകജാലക സംവിധാനമാണ് ‘എൻ്റെ ഭൂമി’ പോർട്ടൽ. തൊഴിൽ മേഖലയെന്ന നിലയിൽ ആധാരമെഴുത്തുകാരുടെ ആവശ്യം അംഗീകരിച്ച്, ആധാരം എഴുത്തുകാർക്കും അഭിഭാഷകർക്കുംകൂടി പോർട്ടലിൽ ഐഡി നൽകാൻ പിന്നീട് തീരുമാനിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ലെന്നും ഉഷ പറഞ്ഞു.വിലയാധാരം, ഭാഗപത്രം, ഇഷ്ടദാനം തുടങ്ങി മുപ്പതോളം തരത്തിലുള്ള ആധാരങ്ങളുടെ മാതൃക രജിസ്ട്രേഷൻവകുപ്പ് തയാറാക്കുന്നുണ്ട്. വ്യക്തികൾ സ്വയം ആധാരമെഴുതുമ്പോൾ നിയമപരമായ സാങ്കേതിക കാര്യങ്ങളിൽ പിഴവുകൾ സംഭവിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ആധാരമെഴുത്തുകാരോ അഭിഭാഷകരോ വഴി മാത്രം രജിസ്ട്രേഷൻ നടത്താൻ തീരുമാനിച്ചത്.സ്വയം ആധാരം എഴുതുന്നവർക്ക് ആധാരം എഴുത്തുകാർക്കുള്ള ഫീസ് ഒഴിവാക്കി സർക്കാർ രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതിയായിരുന്നു. കോടികളുടെ ഭൂമി കൈമാറ്റം നടക്കുമ്പോൾ വലിയ തുക ഉടമകൾക്ക് ലാഭമാകുമായിരുന്നു. സാധാരണക്കാർക്ക് രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതവും ചെലവുകുറഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവ് കൊണ്ടുവന്നതെങ്കിലും നിയമപരമായ സാങ്കേതിക കാര്യങ്ങൾ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്.