ഭീകരാക്രമണ സാധ്യത:എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം

0
DUBAI AIRPORT

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നല്‍കി.വിമാനത്താവളങ്ങള്‍, എയർസ്‌ട്രിപ്പുകള്‍, ഹെലിപ്പാഡുകള്‍, ഫ്ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം പുറപ്പെടുവിച്ചു.
പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎസിന്റെ നിർദേശമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.2025 സെപ്‌തംബർ 22നും ഒക്‌ടോബർ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹ്യ വിരുദ്ധരായ ആളുകളില്‍ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎസ്) പുറത്തിറക്കിയത്. പ്രാദേശിക പൊലീസ്, സെൻട്രല്‍ ഇൻഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്റലിജൻസ് ബ്യൂറോ, മറ്റ് ബന്ധപ്പെട്ട ഏജൻസികള്‍ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരോട് ബിസിഎഎസ് നിർദേശം നൽകിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദേശങ്ങളോ ലഭിച്ചാല്‍ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവയ്‌ക്കണമെന്നും നിർദേശത്തില്‍ പറയുന്നു.മറ്റ് നടപടികളുടെ കൂട്ടത്തില്‍, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി നിർദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *