വധശിക്ഷ നടപ്പിലാക്കണമെന്നുള്ള നിലപാടിൽ അബ്‌ദുൽ ഫത്താഹ് മെഹ്ദി

0
mehdi

റിയാദ്:നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹ്ദി. ഇതുവരെ നടന്ന എല്ലാ മധ്യസ്ഥ ചർച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവച്ചിട്ട് അരമാസം പിന്നിടുവെന്നും കത്തിൽ പരാമർശിക്കുന്നു. സമൂഹമാധ്യമത്തിലൂടെ കത്തിൻ്റെ പകർപ്പും അദ്ദേഹം പങ്കുവച്ചു.

പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും മുന്നോട്ട് പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സമൂഹമാധ്യമത്തിൽ മെഹ്‌ദി കുറിച്ചു. “നീതിയിലേക്കുള്ള പാത നന്നായി അറിയാം. പ്രതികാരം ചെയ്‌താൽ മാത്രമേ അടിച്ചമർത്തപ്പെട്ടവരുടെ അന്തസ് വീണ്ടെടുക്കാൻ കഴിയൂ. ആരുടെയും ശുപാർശയ്‌ക്കോ അനുവാദത്തിനോ കാത്തിരിക്കുന്നില്ല. മുറിവേറ്റ മനസോടെയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങളുടെ പാത വ്യക്തമാണ്, ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. പ്രതികാരം ഞങ്ങളുടെ മാത്രം ആവശ്യമാണ്…” എന്ന് മെഹ്‌ദി സമൂഹമാധ്യമത്തിൽ കുറിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് മെഹ്‌ദിയുടെ ഈ കത്ത് എത്രമാത്രം തിരിച്ചടിയാകുമെന്നത് ആശങ്കാജനകമാണ്. മെഹ്‌ദിയ്ക്ക് ഈ കേസിൽ ഇനിയും നിയമ സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

കൊല്ലപ്പെട്ട യമൻ പൗരൻ്റെ അനന്തരാവാകാശികളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളവർ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ യമനി പണ്ഡിതന്മാരോട് സമ്മതമറിയിച്ചിരുന്നു. ദിയാധനം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണ്. ഇതിൽ അന്തിമ തീരുമാനമായ ശേഷം സനായിലെ കോടതിയെ അറിയിക്കുമെന്നാണ് കാന്തപുരത്തെ അറിയിച്ചത്. ഈയൊരു സാഹചര്യത്തിൽ അനന്തരാവകാശികളിൽ ഒരാൾ മാത്രമായ സഹോദരൻ്റെ എതിർപ്പിന് പ്രസക്തിയില്ലന്നാണ് സൂചന.

ശരീഅത്ത് നിയമ പ്രകാരം അനന്തരാവകാശികളിൽ ഒരാളെങ്കിലും പ്രതിക്ക് മാപ്പ് നൽകിയാൽ വധശിക്ഷയിൽ ഇളവ് ലഭിക്കും. ഇത് നിമിഷയ്ക്ക് അനുകൂലമാകുമെന്നാണ് മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ പ്രതീക്ഷിക്കുന്നത്. മധ്യസ്ഥ ചർച്ചകളുടെ ഫലമായി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ധാരണയിലെത്തി എന്ന വിവരങ്ങൾ വന്നിരുന്നു. എന്നാൽ ഈ വാദത്തെ കേന്ദ്രം തള്ളിയിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളുടെ നേത്യത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു.

അതേസമയം, നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം കേന്ദ്രം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേന്ദ്രത്തിൻ്റെ ഈ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *