കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകർ കുറയുന്നതായി കണ്ടെത്തൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.കഴിഞ്ഞ വർഷം 35,000 രൂപയായിരുന്ന നിരക്ക് വ്യത്യാസം ഈ വർഷം 42,000 രൂപയായി വർധിച്ചു.ഉയർന്ന യാത്രാനിരക്കാണ് തീർഥാടകരെ പിന്തിരിപ്പിക്കുന്നതിനുള്ള മുഖ്യകാരണം.
2024-ൽ കോഴിക്കോട് നിന്ന് 10,515 തീർഥാടകരാണ് ഹജ്ജിന് പോയത്. ഈ വർഷം ഇത് 5591 ആയി കുറഞ്ഞു. 2026-ലെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 ആയിരിക്കെ, ഇതുവരെ 3000 പേർ മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്.കേരളത്തിൽ ഏറ്റവും കൂടുതൽ തീർഥാടകരുള്ള മലപ്പുറം ജില്ലക്കാർക്കുഎളുപ്പമുള്ള ഈ വിമാനത്താവളത്തോട് എയർ ഇന്ത്യ കാണിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി പറഞ്ഞു. കേരളത്തിലെ മറ്റ് പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ട് യാത്രാക്കൂലി വളരെ കൂടുതലാണ്.
- കോഴിക്കോട്: ₹1,35,828
- കൊച്ചി: ₹93,231
- കണ്ണൂർ: ₹94,248
- ഈ വലിയ നിരക്ക് വ്യത്യാസം കാരണം മലബാർ മേഖലയിൽ നിന്നുള്ള തീർഥാടകർ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇതാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം.
കേന്ദ്ര സർക്കാരിനോടും മറ്റ് ഏജൻസികളോടും വിഷയം നിരന്തരം ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരേ സൗകര്യമുള്ള വിമാനങ്ങളാണ് എല്ലാ വിമാനത്താവളങ്ങളിൽ നിന്നും പുറപ്പെടുന്നതെങ്കിലും കോഴിക്കോട്ട് മാത്രം അമിത നിരക്കാണ്. അടുത്ത വർഷത്തെ ടിക്കറ്റ് നിരക്ക് കുറയ്ക്കുകയാണെങ്കിൽ മറ്റ് വിമാനത്താവളങ്ങൾ ഓപ്ഷനായി എടുത്തവർക്ക് കരിപ്പൂരിലേക്ക് മാറാൻ അവസരം നൽകണമെന്നും ഡോ. ഹുസൈൻ സഖാഫി ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളം ഒരു ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പരിമിതികളുണ്ട്. എയർ ഇന്ത്യ മാത്രമാണ് കോഴിക്കോട് നിന്ന് ഹജ്ജ് സർവീസിനായി ടെൻഡറിൽ പങ്കെടുക്കുന്നത്. ഇത് കാരണം മത്സരമില്ലാതെ യാത്രാനിരക്ക് ഉയർത്താൻ കഴിയുന്നു. റൺവേയുടെ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിരക്ക് വർധനയ്ക്ക് കാരണമാകുന്നുണ്ട്.