കേരളത്തിലെ വസ്ത്ര വ്യാപാര മേഖലയിലെ 1200 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

0
income

കോഴിക്കോട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽസ് ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 1200 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. കാസർകോട് മുതൽ കൊല്ലം വരെയുള്ള 10 ടെക്സ്റ്റൈൽ ഗ്രൂപ്പുകളുടെ 45 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്ന റെയ്ഡിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള 600 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു.

കഴിഞ്ഞ ആറ് വർഷത്തെ കണക്കുകളാണ് പരിശോധിച്ചത്. കൃത്രിമ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഹവാല സംഘങ്ങളുമായി ഈ ടെക്സ്റ്റൈൽ ഗ്രൂപ്പുകൾക്ക് ബന്ധമുണ്ടെന്നും കണ്ടെത്തി. സോഫ്റ്റ്‌വെയർ ഉണ്ടാക്കി നൽകിയ കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും.ഇതര സംസ്ഥാനങ്ങളിലെ മില്ലുകളിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങുമ്പോൾ സ്വർണക്കടത്ത് – ഹവാല സംഘങ്ങളാണ് പണം നൽകിയിരുന്നത്. കള്ളക്കടത്തായി എത്തുന്ന സ്വർണം വിറ്റ് തുണിമില്ലുടമകൾക്ക് പണം നൽകും. ഈ തുക ടെക്സ്റ്റൈൽ ഉടമകൾ ഹവാല ഇടപാടുകാർക്ക് കൈമാറുകയാണ് ചെയ്തിരുന്നത്.

വർഷങ്ങളായി ഈ തട്ടിപ്പ് തുടരുന്നുണ്ടെന്നും കണ്ടെത്തി. ഡിജിറ്റൽ രേഖകൾ, പണമിടപാട് രേഖകൾ, കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ റെയ്ഡിൽ പിടിച്ചെടുത്തു.

ടെക്സ്റ്റൈൽസ് ഗ്രൂപ്പുകൾ പ്രധാനമായും മൂന്ന് രീതികളിലാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇരട്ട ബില്ലിങ്, രഹസ്യ ബില്ലിങ് സോഫ്റ്റ്‌വെയർ, റീ-റൈറ്റിങ് സോഫ്റ്റ്‌വെയർ എന്നിവയായിരുന്നു അവ. ഉപഭോക്താവിൽ നിന്ന് പണം സ്വീകരിച്ച ശേഷം കൃത്രിമ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തുക കുറഞ്ഞ മറ്റൊരു ബിൽ ഉണ്ടാക്കി നികുതി വെട്ടിക്കും. ഇതിനെയാണ് ഇരട്ട ബില്ലിങ് എന്ന് പറയുന്നത്.

രഹസ്യ ബില്ലിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചില ഇടപാടുകൾ മാത്രം രേഖപ്പെടുത്തും. നികുതി വകുപ്പിന്റെ പരിശോധന വരുമ്പോൾ പ്രധാന സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ മാത്രം കാണിക്കുകയും രഹസ്യ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യും. റീ-റൈറ്റിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പഴയ ബില്ലുകളും അക്കൗണ്ടിങ് എൻട്രികളും തിരുത്തി നികുതി തുക കുറയ്ക്കും.

ഉപഭോക്താക്കൾക്ക് ലഭിച്ച ബില്ലുകളും കമ്പനിയുടെ അക്കൗണ്ടിങ് രേഖകളും തമ്മിൽ താരതമ്യം ചെയ്താണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കമ്പനിയുടെ വരുമാനം, ബാങ്ക് ഇടപാടുകൾ എന്നിവ തമ്മിലുള്ള വലിയ വ്യത്യാസവും സംശയത്തിന് ഇടയാക്കി. ഡിജിറ്റൽ ഫോറൻസിക്സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സിസ്റ്റം, സെർവർ, ഡാറ്റാബേസ് എന്നിവ പരിശോധിച്ചാണ് കൃത്രിമ സോഫ്റ്റ്‌വെയറുകളും ഡിലീറ്റ് ചെയ്ത വിവരങ്ങളും കണ്ടെത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *