സാങ്കേതിക തകരാർ; സിംഗപ്പൂർ-ചെന്നൈ എയർ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡൽഹി:സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കി. സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് എയർബസ് എ 321 വിമാനത്തിൻ്റെ സർവീസാണ് റദ്ദാക്കിയത്.
സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്താനിരുന്ന എഐ349 വിമാനത്തിന് പുറപ്പെടുന്നതിന് മുമ്പ് കണ്ടെത്തിയ അറ്റകുറ്റപ്പണികൾ കാരണം സർവീസ് റദ്ദാക്കിയതായും, അത് പരിഹരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും എയർ ഇന്ത്യ പ്രസ്‌താവനയിലൂടെ അറിയിച്ചു. “യാത്രക്കാരെ എത്രയും വേഗം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. ഹോട്ടൽ താമസ സൗകര്യം ഒരുക്കുന്നുണ്ട്, കൂടാതെ റദ്ദാക്കലിനോ സൗജന്യ ഷെഡ്യൂളിങ്ങിനോ ഉള്ള മുഴുവൻ തുകയും യാത്രക്കാർക്ക് അവരുടെ മുൻഗണന അനുസരിച്ച് തിരികെ നൽകുന്നുണ്ട്” -എയർ ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു.
ഈ അപ്രതീക്ഷിത തടസം മൂലം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് സിംഗപ്പൂരിലെ എയർ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ വിമാന സർവീസുകളിൽ തുടർച്ചയായി തടസങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. വെള്ളിയാഴ്‌ച, ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 11 മണിക്കൂറിലധികം വൈകുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്‌തിരുന്നു.ഓഗസ്റ്റ് 1 ന് രാത്രി 8.35 ന് പുറപ്പെടേണ്ട വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്‌തിരുന്നു. ടേക്ക് ഓഫിന് മുമ്പ് കോക്ക്പിറ്റ് ജീവനക്കാർ സംശയാസ്‌പദമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനവും വ്യാഴാഴ്‌ച ബേയിലേക്ക് മടങ്ങേണ്ടിവന്നു. AI-2017 എന്ന കോൾസൈൻ വിമാനം പുറപ്പെടാൻ തയ്യാറെടുക്കാനിരിക്കെ പൈലറ്റുമാർ ടേക്ക് ഓഫ് ചെയ്യാതെ വിമാനം പരിശോധനയ്ക്കായി തിരികെ കൊണ്ടുവന്നു.