ആദ്യ ഷോറൂമിന് പിന്നാലെ മുംബൈയിൽ ചാർജിങ് സ്റ്റേഷനും: ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ടെസ്‌ല

മുംബൈ: കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ അടുത്ത ആഴ്‌ച മുംബൈയിൽ തുറക്കും.ജൂലൈ 15നാണ് ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ആരംഭിച്ചത്. ഡിസി ചാർജിങിനായി നാല് വി4 സൂപ്പർചാർജിങ് സ്റ്റാളുകളും എസി ചാർജിങിനായി നാല് ഡെസ്റ്റിനേഷൻ സ്റ്റാളുകളും ഇതിൽ ഉണ്ടായിരിക്കും. സൂപ്പർചാർജറുകൾ 250 കിലോവാട്ട് പീക്ക് ചാർജിങ് വേഗതയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് കിലോവാട്ടിന് 24 രൂപ വിലവരും. അതേസമയം ഡെസ്റ്റിനേഷൻ ചാർജറുകൾ കിലോവാട്ടിന് 14 രൂപ നിരക്കിൽ 11 കിലോവാട്ട് പീക്ക് ചാർജിങ് വേഗതയും.
ആദ്യ ഷോറൂം മുംബൈയിൽ ആരംഭിച്ചപ്പോൾ പ്രഖ്യാപിച്ച എട്ട് സൂപ്പർചാർജിങ് സൈറ്റുകളിൽ ആദ്യത്തേതായിരിക്കും വരാനിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. രാജ്യത്തുടനീളം ടെസ്‌ല കാറുകളിലുള്ള യാത്ര സുഗമമാക്കുന്നതിന് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും അറിയിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ മേക്കർ മാക്‌സിറ്റി കൊമേഴ്‌സ്യൽ കോംപ്ലക്‌സിലാണ് ആദ്യ എക്‌സ്‌പീരിയൻസ് സെന്‍റർ ആരംഭിച്ചത്. ആദ്യ ഷോറൂം തുറന്നതിനൊപ്പംതന്നെ ഇന്ത്യയിലെ ആദ്യ കാറായ ടെസ്‌ല മോഡൽ വൈ കമ്പനിയും പുറത്തിറക്കിയിരുന്നു.
59.89 ലക്ഷം രൂപ വിലയുള്ള ഈ കാർ ജൂലൈ 15നാണ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. ഇവി ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫാസ്റ്റ് ചാർജിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.
മോഡൽ വൈക്ക് സൂപ്പർചാർജറുകൾ ഉപയോഗിച്ച് വെറും 15 മിനിറ്റിനുള്ളിൽ 267 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്കും ഇടയിൽ അഞ്ച് റൗണ്ട് യാത്ര ചെയ്യാൻ ഇത് മതിയാകും. ഉപഭോക്തൃ ഓഫറിന്‍റെ ഭാഗമായി, ഓരോ പുതിയ കാർ വാങ്ങുമ്പോഴും ടെസ്‌ല സൗജന്യ വാൾ കണക്‌ടർ നൽകുമെന്നും, ഇത് ഉപഭോക്താവിന്‍റെ വസതിയിൽ സ്ഥാപിക്കുമെന്ന് ടെസ്‌ല അറിയിച്ചിട്ടുണ്ട്.
ടെസ്‌ല മോഡൽ വൈ: സ്റ്റാൻ്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയൻ്റുകളിലാണ് മോഡൽ വൈ എസ്‌യുവി വിപണിയിലെത്തിയത്. സ്റ്റാൻ്റേഡിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ചിന് 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് വാഹനം ആദ്യം ലഭ്യമാകുക. ഈ രണ്ട് മോഡലിനുമായുള്ള ബുക്കിങ് ടെസ്‌ലയുടെ വെബ്‌സൈറ്റ് വഴി ആരംഭിച്ചു.ഈ മാസം മുതല്‍ വാഹനത്തിൻ്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് ടെസ്‌ല അധികൃതര്‍ അറിയിച്ചിരുന്നു. സ്റ്റാൻ്റേഡ് ഒറ്റ ചാർജിൽ 500 കിലോമീറ്ററും ലോംഗ് റേഞ്ച് പതിപ്പിന് 622 കിലോമീറ്ററുമാണ് ഒറ്റ ചാര്‍ജില്‍ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ള മോഡൽ Y, RWD ട്രിമ്മിന് 238 കിലോമീറ്ററും ലോംഗ് റേഞ്ച് RWD ട്രിമ്മിന് 267 കിലോമീറ്ററും റേഞ്ച് കൂട്ടാൻ 15 മിനിറ്റ് മാത്രം മതി. 5.9 സെക്കൻഡ് കൊണ്ട് മോഡൽ Y RWD മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ലോംഗ് റേഞ്ച് RWD മോഡലിന് 5.6 സെക്കൻഡ് മതി. രണ്ട് പതിപ്പുകളിലും പരമാവധി വേഗത 201 കിലോമീറ്റർ ആണ്.