ഒമാൻ വർക്ക് പെർമിറ്റ് : പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി നീട്ടി

മസ്കത്ത്: ഒമാനിൽ വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിച്ചവർക്ക് പിഴ നൽകാതെ കരാര്‍ പുതുക്കുന്നതിനുള്ള സമയം നീട്ടി. ഈ വർഷം ഡിസംബർ 31വരെയാണ് കരാർ പുതുക്കാൻ അവസരം നൽകിയിരിക്കുന്നത്. ഈ മാസം (ജൂലൈ 31) വരെയായിരുന്നു നേരത്തെ വിസ പുതുക്കാൻ സമയം അനുവദിച്ചിരുന്നത്.എന്നാൽ, നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വ്യക്തികളും തൊഴിലുടമകളും തൊഴിൽ മന്ത്രാലയത്തെ സമീപിച്ചതിനെത്തുടർന്നാണ് അഞ്ച് മാസം കൂടി സമയം നീട്ടി നൽകിയത്.
കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും, ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളും ഒഴിവാക്കിയാണ് വിസ പുതുക്കാൻ സർക്കാർ അവസരമൊരുക്കിയിരിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ താല്പര്യമില്ലാത്തവർക്ക് പിഴ ഉണ്ടെങ്കിൽ അവ നൽകാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു, തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കാൻ തൊഴിൽ ഉടമയ്ക്ക് താൽപര്യമില്ലെങ്കിൽ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും നിലവിൽ അവസരമുണ്ട്. 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ സർക്കാർ റദ്ദാക്കിയിട്ടുണ്ട്.
കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് ഈ നടപടി. എന്നാൽ കൃത്യമായ കാരണം ബോധിപ്പിച്ചാൽ കാര്‍ഡുകള്‍ വീണ്ടും പ്രവർത്തനക്ഷമമാക്കാം. പ്രവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.