നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ല.