“ഗാസയില്‍ പോഷകാഹാരക്കുറവുമൂലമുള്ള മരണങ്ങൾ ഗണ്യമായി വര്‍ദ്ധിക്കുന്നു”: ലോകാരോഗ്യസംഘടന

0
gaza 2

ജനീവ:ഗാസയില്‍ പോഷകാഹാരക്കുറവ് ഗുരുതര സ്ഥിതിയിലെത്തിയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഗാസയിലേക്കുള്ള സഹായങ്ങള്‍ തടസപ്പെടുത്തുന്നതാണ് ഇതിന് കാരണമെന്നും ഇത് തടഞ്ഞില്ലെങ്കില്‍ ധാരാളം ജീവനുകള്‍ നഷ്‌ടമാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.ജൂലൈയിലുണ്ടായ നിരവധി മരണങ്ങളുടെ കാരണം പോഷകാഹാരക്കുറവാണ്. 2025ല്‍ പോഷകാഹാരക്കുറവ് മൂലം ഉണ്ടായ 74 മരണങ്ങളില്‍ 64ഉം ജൂലൈയിലാണ് ഉണ്ടായത്. ഇതില്‍ 24ഉം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്. ഒരു കുട്ടി അഞ്ച് വയസിന് മുകളിലുള്ളതും 38 പ്രായപൂര്‍ത്തിയായവരുമാണ് മരിച്ചത്.

ഗാസയിലെ അഞ്ചില്‍ ഒരു കുട്ടി കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ആറിനും 59 മാസത്തിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളാണ് കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. ജൂണ്‍ മുതല്‍ ഇത് മൂന്നിരട്ടിയായി. പല കുടുംബങ്ങള്‍ക്കും ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നില്ല. ജൂലൈയിലെ ആദ്യ രണ്ടാഴ്‌ചകളില്‍ അഞ്ച് വയസില്‍ താഴെയുള്ള അയ്യായിരത്തിലേറെ കുട്ടികളെ പോഷകാഹാരക്കുറവ് മൂലം ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ പതിനെട്ട് ശതമാനവും ജീവന് വെല്ലുവിളി നേരിടുന്ന സ്ഥിതിയിലായിരുന്നു.

2023 ഒക്‌ടോബറില്‍ യുദ്ധം ആരംഭിച്ച സേഷം ജൂണിലാണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ പോഷകാഹാരക്കുറവ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6500 കുഞ്ഞുങ്ങളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങളോടെ ജൂലൈയില്‍ 73 കുഞ്ഞുങ്ങളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണില്‍ ഇത്തരത്തില്‍ ആശുപത്രിയിലെത്തിയത് 39കുഞ്ഞുങ്ങളായിരുന്നു.

നാല് പോഷകാഹാര ചികിത്സ കേന്ദ്രങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ എന്നതും പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുന്നു. വെള്ള, ശുചിത്വ സേവനങ്ങളിലുണ്ടായിട്ടുള്ള പാളിച്ചകളും അസുഖങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നു.ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും നാല്‍പ്പത് ശതമാനം പേര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഒരു പിടി ചോറിനായി സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കേണ്ട സ്ഥിതിയിലാണ് കുടുംബങ്ങള്‍. പലപ്പോഴും അപകടകരമായ സാഹചര്യത്തിലാണ് ഇവര്‍ ഭക്ഷണത്തിനായി എത്തുന്നത്.ഭക്ഷണം വാങ്ങാനെത്തിയവരില്‍ ആയിരത്തിലേറെ പലസ്‌തീനികളെ ഇസ്രയേല്‍ വധിച്ചതായി ഐക്യരാഷ്‌ട്രസഭ പറയുന്നു.

ഗാസയില്‍ പട്ടിണി തുടര്‍ക്കഥയായതോടെ ഇസ്രയേല്‍ എല്ലാ ദിവസവും പത്ത് മണിക്കൂര്‍ വെടിിര്‍ത്തലിന് ധാരണയായിട്ടുണ്ട്. എന്നാല്‍ ഭക്ഷണം എത്തിക്കാന്‍ സുസ്ഥിര നടപടി വേണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം വൈവിധ്യമാര്‍ന്നതും പോഷകസമ്പന്നമായ ഭക്ഷണവും എത്തിച്ച് നല്‍കണം. കുട്ടികള്‍ക്കും മറ്റ് വെല്ലുവിളികള്‍ ഉള്ളവര്‍ക്കും അധിക പോഷകമുള്ള ആഹാരങ്ങള്‍ നല്‍കണം. ഇതിന് പുറമെ ഔഷധങ്ങളും എത്തിക്കണം. മനുഷ്യ നിര്‍മ്മിത കൊടുംപട്ടിണിയെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധാനോം ഘിബര്‍സിയോസ് സ്ഥിതിഗതികളെ വിശേഷിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *