ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ തലശ്ശേരിക്കാരൻ സൽമാൻ നിസാറും.

മുംബൈ: :ബി.സി.സി.ഐയുടെ ദുലീപ് ട്രോഫിയില്‍ ഇടംനേടി തലശ്ശേരി സ്വദേശി സല്മാന് നിസാര്‍. രഞ്ജി ട്രോഫിയില്‍ കേരളത്തെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണയക പങ്ക് വഹിച്ച സല്മാന് നിസാറിന് ഇതാദ്യമായാണ് ദുലീപ് ട്രോഫിയില്‍ അവസരം ലഭിക്കുന്നത്.ഇന്ത്യന്‍താരം തിലക് വര്‍മ്മ നയിക്കുന്ന സൗത്ത് സോണ്‍ ടീമിലേക്കാണ് ഇടംകൈയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്മാന് നിസാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 14വരെ ബംഗളൂരു ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടക്കുന്ന ചതുര്‍ദിന മത്സരങ്ങളില്‍ നോര്‍ത്ത് സോണ്‍, വെസ്റ്റ് സോണ്‍, ഈസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നീ ടീമുകള്‍ മത്സരിക്കും.
2013ല്‍ ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ ടീമിലംഗമായിരുന്ന ഇടംകൈയ്യന്‍ സ്പിന്നറായ സി.പി ഷാഹിദിന് ശേഷം ആദ്യമായാണ് ഒരു തലശേരിക്കാന്‍ ദുലീപ് ട്രോഫി ടീമിലുള്‍പ്പെടുന്നത്. രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരേ ഷോര്‍ട്ട് ലെഗില്വച്ച് സല്‍മാന്റെ ഹെല്‍മെറ്റില്‍ തട്ടി എടുത്ത ക്യാച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആ ക്യാച്ചും സല്‍മാന്റെ മികച്ച ഇന്നിങ്സുമാണ് കേരളത്തെ ഫൈനലില്‍ പ്രവേശിപ്പിച്ചത്.
തലശേരി പാലിശേരി പൊലിസ് ക്വാട്ടേഴ്സിന് സമീപം ബയ്ത്തുല്‍ നൂറില്‍ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനായ സല്മാന് നിസാര്‍ ഇംഗ്ലിഷ് ബിരുദധാരിയാണ്. സഹോദരങ്ങള്‍: ലുക്ക്മാന്‍, മിഹ്സാന്‍.