”ഭാരതത്തെ മറ്റ് വിധത്തില്‍ മൊഴിമാറ്റം ചെയ്യരുത് ” : മോഹന്‍ ഭാഗവത്

എറണാകുളം :ഭാരതത്തെ മറ്റ് വിധത്തില്‍ മൊഴിമാറ്റം ചെയ്യരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അങ്ങനെ ചെയ്യുന്നത് നമ്മുടെ സ്വത്വം നഷ്‌ടപ്പെടുത്തുമെന്നും ലോകത്ത് ലഭിക്കുന്ന ആദരം ഇല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് തന്നെ നമ്മൾപറയുകയും എഴുതുകയും വേണം.പൊതു-സ്വകാര്യ ഇടങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.”ഭാരതത്തിന്‍റെ സ്വത്വം മാനിക്കപ്പെടുന്നത് ഇത് ഭാരതമായത് കൊണ്ടാണ്. ഭാരതം എന്നതാണ് ശരിയായ പേര്. ഇതിനെ ഒരിക്കലും മൊഴി മാറ്റം ചെയ്യരുത്.”
നമുക്ക് നമ്മുടെ സ്വത്വം നഷ്‌ടമായാല്‍ ബാക്കി എന്തൊക്കെ ഗുണഗണങ്ങളുണ്ടെങ്കിലും ലോകത്ത് നാം ആദരിക്കപ്പെടില്ല. സുരക്ഷിതരുമാകില്ല. ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയായ ‘ജ്ഞാന സഭ’യില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ആര്‍എസ്‌എസ് ബന്ധമുള്ള ശിക്ഷാ സംസ്‌കൃതി ഉഠാന്‍ ന്യാസ് സംഘടിപ്പിച്ച പരിപാടിയാണ് ജ്ഞാന സഭ.ലോകത്തിന് നമ്മുടെ കരുത്ത് മനസിലായിട്ടുണ്ട്. സാമ്പത്തിക കാഴ്‌ചപ്പാടില്‍ ഇന്ത്യ ശക്തരും ധനികരുമായി തീര്‍ന്നിരിക്കുന്നു. ഇന്ത്യ ഇനിയൊരിക്കലും സുവര്‍ണ ചകോരമായി തുടരരുത്. സിംഹമായി മാറാനുള്ള സമയമായിരിക്കുന്നു. ലോകത്തിന് നമ്മുടെ കരുത്ത് മനസിലാക്കാന്‍ ഇത് ആവശ്യമാണ്. ഭാരതം കരുത്തരാണ്. നമുക്ക് ആരെയും ഭരിക്കാന്‍ ഉദ്ദേശ്യമില്ല. പക്ഷേ ലോകത്തെ നാം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെ വേണമെങ്കിലും ജീവിക്കാന്‍ വിദ്യാഭ്യാസം ഒരു വ്യക്തിയെ പ്രാപ്‌തനാക്കുന്നുവെന്നും ആര്‍എസ് എസ് മേധാവി പറഞ്ഞു. ഒരാളുടെ ആന്തരിക വ്യക്തിത്വം രൂപപ്പെടുത്തുന്നത് വിദ്യാഭ്യാസമാണ്. ഭാരതീയ വിദ്യാഭ്യാസം ത്യാഗത്തെയും അന്യര്‍ക്ക് വേണ്ടി ജീവിക്കാനും നമ്മെ പഠിപ്പിക്കുന്നു.
സ്വാര്‍ത്ഥനാകാന്‍ പഠിപ്പിക്കുന്നതൊന്നും ഭാരതീയ വിദ്യാഭ്യാസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതൊരു വ്യക്തിയെ ഇരുട്ടിലേക്ക് തള്ളിവിടുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യവും കാഴ്‌ചപ്പാടുകളും സമാനതകളില്ലാത്തതാണ്. നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നമുക്ക് മാത്രമല്ല പ്രയോജനം, നമ്മുടെ കുടുംബത്തിനും ലോകത്തിന് മുഴുവനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്‍റെ ഫലമായാണ് വികസിത അഥവ വിശ്വഗുരു ഭാരതം ഒരിക്കലും യുദ്ധത്തിന് കാരണമാകാത്തത്. ഇത് ഒരിക്കലും ആരെയും അടിച്ചമര്‍ത്തില്ല, ആരെയും ചൂഷണം ചെയ്യുകയുമില്ല-അദ്ദേഹം പറഞ്ഞു.
നാം ലോകം മുഴുവനും സഞ്ചരിച്ചിരിക്കുന്നു. എന്നാല്‍ നാം ഒരു രാജ്യവും വെട്ടിപ്പിടിച്ചില്ല. മറിച്ച് എല്ലാവരെയും നാം സാംസ്‌കാരികമായി ഉദ്ധരിച്ചു. വിദ്യാഭ്യാസമെന്നാല്‍ കേവലം പള്ളിക്കൂടത്തില്‍ പോകല്‍ മാത്രമല്ല മറിച്ച് വീട്ടിലെയും സമൂഹത്തിലെയും പരിസ്ഥിതിയാണ്.അത് കൊണ്ട് തന്നെ എന്ത് തരം അന്തരീക്ഷമാണ് സൃഷ്‌ടിക്കേണ്ടതെന്ന് സമൂഹം ചിന്തിക്കണം. പുതുതലമുറയെ കൂടുതല്‍ ഉത്തരവാദിത്തവും ആത്മവിശ്വാസവും ഉള്ളവരാക്കി മാറ്റുകയും വേണമെന്നും ആര്‍എസ്എസ് മേധാവി ചൂണ്ടിക്കാട്ടി. കേരള ഗവർണ്ണർ ,മറ്റ് വിദ്യാഭ്യാസ വിചക്ഷണന്‍മാരും സംസ്ഥാനത്തെ വിവിധ സര്‍വകലാശാല വൈസ്‌ചാന്‍സലര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.