ഓൺലൈൻ തട്ടിപ്പ് വ്യാപിക്കുന്നു : കണ്ണൂരിൽ നാലു പേർക്ക് പണം നഷ്ടമായി

കണ്ണൂർ : ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിലായി നാലു പേർക്ക് പണം നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂത്തുപറമ്പ് സ്വദേശിക്ക് 200000 രൂപ നഷ്ടപ്പെട്ടത്. ആർടിഒയുടെ പേരിൽ വാട്സാപ്പിൽ എത്തിയ വാഹനചാലാന്റെ .apk (അപ്ലിക്കേഷൻ) ഫയൽ വഴിയാണ് തട്ടിപ്പ് നടത്തിയത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ കൈമാറിയതോടെ പണം നഷ്ടമാവുകയായിരുന്നു.
ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പിൽ കൂത്തുപറമ്പ് സ്വദേശിക്ക് 10,478 രൂപയാണ് നഷ്ടമായത്. വാട്സാപ്പ് വഴി ജോലി വാഗ്ദാനം നൽകി വിവിധ ചാർജുകളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പാർടൈം ജോലി വാഗ്ദാനം ചെയ്ത് വളപട്ടണം സ്വദേശിയിൽ നിന്ന് 7555യും തട്ടി. ടെലഗ്രാം വഴിയായിരുന്നു തട്ടിപ്പ്. ഓൺലൈൻ വഴി ലോൺ നൽകാമെന്ന് പറഞ്ഞ് പാനൂർ സ്വദേശിയിൽ നിന്ന് 2000 രൂപയും തട്ടിച്ചു. ലോൺ ലഭിക്കാനുള്ള ചാർജുകൾ എന്ന് പറഞ്ഞാണ് പണം തട്ടിയത്.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള സൈബർ തട്ടിപ്പുകളിലിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അജ്ഞാത അക്കൗണ്ടുകളിൽ നിന്നും വരുന്ന മെസേജുകളോട് പ്രതികരിക്കരുതെന്നും പൊലീസ് അറിയിച്ചു