PSCപരീക്ഷകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ച് പിഎസ്‌സി പരീക്ഷകളുടെ സമയത്തിലും മാറ്റം കൊണ്ടു വരികയാണ്. പുതിയ സമയക്രമം സെപ്തംബര്‍ മുതലാണ് നിലവില്‍ വരുന്നത്.
രാവിലെ നടത്താറുള്ള പിഎസ് സി പരീക്ഷകള്‍ ഇനി മുതല്‍ എഴ് മണിക്ക് ആരംഭിക്കും. ഇത്രയും നാൾ 7:15 നാണ് പരീക്ഷകൾ ആരംഭിച്ചിരുന്നത്. എന്നാൽ ഈ സമയമാണ് ഇപ്പോൾ 15 മിനിറ്റ് നേരത്തെയാക്കിയിരിക്കുന്നത്. സാധാരണയായി സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ നിശ്ചയിക്കുന്ന പരീക്ഷകളാണ് പിഎസ്‌സി രാവിലെ നടത്താറുള്ളത്.ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെയാണ് പിഎസ് സി ഇത്തരം പ്രവൃത്തി ദിവസങ്ങളില്‍ നടത്തി വരുന്നത്.
സ്‌പെഷ്യല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മിക്കപ്പോഴും രാവിലെ നടത്താറുള്ളത്. എന്നാൽ ഇത്തരം പരീക്ഷകള്‍ക്ക് താലൂക്ക് തലത്തില്‍ പോലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകാറില്ല.
ഉദ്യോഗാർഥികൾക്ക് പരീക്ഷക്കെത്താൻ അതിരാവിലെ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും കൃത്യ സമയത്തില്‍ നിന്നും ഒരു മിനിറ്റ് വൈകിയാല്‍ പോലും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന സാഹചര്യവും പലപ്പോഴും രാവിലെയുള്ള ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഈ സമയക്രമം പാലിക്കാന്‍ പോലും വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം മറികടക്കാന്‍ തലേ ദിവസം വന്ന് പരീക്ഷാ കേന്ദ്രത്തിന് സമീപം താമസിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് സമയമാറ്റം കൊണ്ടുവരുന്നത്.