“ജയില്‍ ചാടിയതോ അതോ ചാടിച്ചതോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ” (VIDEO) : ഡെമോ ചിത്രീകരണവുമായി പിവിഅൻവർ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഡെമോ വീഡിയോയുമായി പിവി അൻവർ. ഒറ്റക്കൈ വച്ച് ച്ചാമി ജയില്‍ ചാടിയത് എങ്ങനെ എന്ന കാര്യത്തിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അൻവർ രംഗത്തെത്തിയത്. പൊലീസുകാരുടെ വിശദീകരണങ്ങള്‍ക്ക് മറു ചോദ്യങ്ങളുയർത്തുന്നതാണ് വീഡിയോ.
ഗോവിന്ദച്ചാമി ചാടിയ കണ്ണൂർ ജയിലിലെത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി കഴിഞ്ഞു. ഡ്രമ്മുകള്‍ നിരത്തിവച്ച് ഗോവിന്ദചാമി ജയില്‍ ചാടിയെന്ന വിശദീകരണം വിശ്വസിക്കാനാകില്ലെന്നും ഒറ്റക്കൈ മാത്രമുള്ള ഒരാള്‍ ഇത് ഒറ്റയ്ക്ക് ചെയ്തെന്നത് കള്ളമാണെന്നും അന്‍വര്‍ ആരോപിച്ചു.
പറക്കും തളികയ്ക്ക് മാത്രമേ ഇങ്ങനൊരു ജയില്‍ ചാട്ടം സാധ്യമാവുകയുള്ളുവെന്നും ഏകദേശം 6 മീറ്ററോളം അകലം ഡ്രമ്മുകളും കെട്ടിയ തുണിയും തമ്മിലുണ്ടെന്നും അൻവർ ചൂണ്ടിക്കാണിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രക്ക് ശേഷം വന്ന ചര്‍ച്ചകള്‍ക്ക് വിരാമം ഇടാന്‍ പിണറായിയും എഡിജിപിയും ഒക്കെ ഒത്ത് ചേര്‍ന്ന് നടത്തിയ ഒരു പ്രവൃത്തിയാണിതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ പിവി അന്‍വര്‍ അഭിപ്രായപ്പെടുന്നത്.
1000 ആക്‌സോ ബ്ലേഡ് വച്ച് ഇരുമ്പഴികള്‍ മുറിക്കാന്‍ കഴിയില്ല. ഡ്രമ്മുകള്‍ വച്ച് മുകളില്‍ കയറി തുണിയില്‍ ചാടി പിടിച്ചെന്നാണ് പൊലീസ് പറയുന്നത്. നിങ്ങള്‍ക്കത് കണ്ടാല്‍ മനസിലാവും. പറന്ന് ഡ്രമ്മിനു മുകളില്‍ കയറിയാലും കെട്ടിയിട്ട തുണിയില്‍ പിടിക്കുക എന്നത് അസാധ്യമായ ഒരു കാര്യമാണ്.
ആരെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്? ജനങ്ങളെയോ? ഒറ്റയ്ക്ക് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ല ഇതെന്ന് ആര്‍ക്കും മനസിലാകും. അതുപോലെ പ്രതിയുമായി തെളിവെടുപ്പിന് പോകുമ്പോള്‍ മാധ്യമങ്ങളെയും കൊണ്ട് പോകാറുണ്ട്. എന്നാല്‍ ഇവിടെ അത് നടന്നിട്ടില്ല. ഗോവിന്ദചാമി ജയില്‍ ചാടാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തെളിവില്ല. അത് കേരളത്തെ അറിയിക്കാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
“ഇയാളോട് ഇനിയും അപ്പീലുകള്‍ നല്‍കി ശിക്ഷകളില്‍ ഇളവ് നല്‍കാമെന്ന് പൊലീസ് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നടത്തിയ നാടകമാണിത്. വിഎസ് ചര്‍ച്ച പരിപൂര്‍ണമായും മാറ്റുക എന്നതാണ് ഇതിനു പിന്നിലെ ഏക ആശയം. മാധ്യമങ്ങളില്‍ നിന്ന് വിഎസിനെ തുടച്ചു നീക്കുക. പകരം കേരളം ഉറ്റുനോക്കുന്ന ഒരാളിലേക്ക് ചര്‍ച്ച വഴി തിരിച്ചുവിടുക. എന്ത് കൊണ്ട് ഒരു മലയാളി ആയ പ്രതിയെ ഇതിനായി ഉപയോഗിച്ചില്ല എന്ന് ചിന്തിക്കാവുന്നതെയുള്ളു എല്ലാവര്‍ക്കും.എങ്ങനെ ഗോവിന്ദചാമി ജയില്‍ ചാടി എന്നത് കൃത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വിവരിച്ചേ മതിയാവൂ. കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര ആയിരുന്നു വിഎസിൻ്റേത്. എന്തുകൊണ്ട് തൊഴിലാളി വര്‍ഗവും കേരളത്തിലെ പാവപ്പെട്ടവരും ഒരു കമ്മ്യൂണിസ്‌റ്റുകാരനെ ഇത്രയധികം സ്‌നേഹിച്ചുവെന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.
അദ്ദേഹത്തിൻ്റെ നല്ല പ്രവര്‍ത്തികളും ജനങ്ങള്‍ക്ക് വേണ്ടി ചെയ്‌ത പ്രവര്‍ത്തികളും ഇനിയും കേരളം ചര്‍ച്ച ചെയ്യും. ഈ ഒരു ചര്‍ച്ചകള്‍ക്ക് വിരാമം ഇടുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. സിപിഎമ്മിൻ്റെ പിണറായി വിജയന്‍ നേതൃത്വം നല്‍കിയ പല കാര്യങ്ങളും വിഎസിൻ്റെ മരണ ശേഷം ഇവിടെ വന്‍ ചര്‍ച്ചയായി. പ്രധാനമായും പിരപ്പനംകോട് മുരളിയുടെ സ്‌റ്റേറ്റ്‌മെൻ്റ് ചര്‍ച്ചയായി. ക്യാപിറ്റല്‍ പണിഷ്‌മെൻ്റ് ചര്‍ച്ചയായി.വിഎസിനെ തരം താഴ്ത്താനായി പിണറായി സംഘം ചെയ്‌ത പ്രവൃത്തികള്‍ വീണ്ടും മാധ്യമങ്ങളിലേക്ക് ഇരച്ചുകയറി. ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ പിണറായി ഗ്രൂപ്പിനിത് വമ്പന്‍ തിരിച്ചടിയായി മാറുമെന്ന് മനസിലായി. കൊടുംമ്പിരി കൊണ്ട ഈ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനായി പിണറായിയുടെ അടുത്ത ആളുകള്‍ എഡിജിപിയുടെയും വി ശശിയുടെയും തലയിലുദിച്ച ചര്‍ച്ചയാകാം ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം.”
ഇത് ജയില്‍ ചാടിയതോ അതോ ചാടിച്ചതോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് അൻവർ പറയുന്നത്
ഇതിനിടയിൽ ഗോവിന്ദ ചാമി സെല്ലിൽ നിന്നും പുറത്തു കടക്കുന്ന ജയിലിലെ സിസിടിവി ദ്ര്യശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരിക്കയാണ് .