“മതപരിവർത്തനം നടത്താത്ത മിശ്ര വിവാഹങ്ങള്‍ നിയമവിരുദ്ധം” ; അലഹബാദ് ഹൈക്കോടതി

0
court 1

ലഖ്‌നൗ: വ്യത്യസ്‌ത മതവിഭാഗത്തിൽപ്പെട്ടവർ മതപരിവർത്തനം നടത്താതെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന വിധിയുമായി അലഹബാദ് ഹൈക്കോടതി. ആര്യസമാജ ക്ഷേത്രത്തിന് കീഴിൽ നടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സഹ്‌നൂർ എന്ന വ്യക്തി സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്‌റ്റിസ് പ്രശാന്ത് കുമാറാണ് വിധി പുറപ്പെടുവിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചുവെന്ന ഹർജിക്കാരനെതിരായ ആരോപണങ്ങള്‍ റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ ആര്യസമാജ ക്ഷേത്രം നൽകിയ സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് കോടതി പറഞ്ഞു.എന്നാൽ പെൺകുട്ടിയെ താൻ ആര്യസമാജ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം കഴിച്ചതെന്നും ഇപ്പോൾ പ്രായപൂർത്തിയായെന്നും സഹ്‌നൂർ വാദിച്ചു. തങ്ങൾ നിലവിൽ ഒരുമിച്ചാണ് താമസമെന്നും അതിനാൽ നിലവിലുള്ള നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ഹർജിക്കാരനും പെൺകുട്ടിയും വ്യത്യസ്‌ത മതങ്ങളിൽ പെട്ടവരാണെന്നും ഇരുവരും മതം മാറിയിട്ടിലെന്നുമുള്ള വിചിത്ര വാദമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചത്. മതപരിവർത്തനം നടത്താതെയുള്ള വിവാഹം നിയമവിരുദ്ധമാണെന്നും സർക്കാർ പ്രതിനിധി പറഞ്ഞു.

മഹാരാജ്‌ഗഞ്ചിലെ നിച്ച്ലൗൾ പൊലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്‌സോ എന്നീ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഹർജിക്കാരാനായ സഹ്‌നൂറിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയ ആര്യസമാജ സ്ഥാപനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ കോടതി സംസ്ഥാന ആഭ്യന്തരമന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി കംപ്ലയൻസ് സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടു.

ആര്യസമാജ സ്ഥാപനങ്ങൾ വ്യാജ വിവാഹങ്ങൾ നടത്തുകയും പ്രായപൂർത്തിയാകാത്തവർക്ക് വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിരവധി കേസുകൾ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി ബെഞ്ച് കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *