മൂന്നാറിൽ ലോറിക്കു മുകളിൽ മണ്ണിടിഞ്ഞ് വീണു : ഡ്രൈവർ മരിച്ചു

മൂന്നാർ :ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10നാണ് സംഭവം. ദേവികുളത്തു നിന്നു മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് കനത്ത മഴയിൽ പഴയ ഗവ.കോളജിനു സമീപത്തുവച്ച് അപകടമുണ്ടായത്.
മണ്ണിടിച്ചിൽ ഉണ്ടായതിനുശേഷം സമീപത്ത് എത്തിയ മറ്റ് വാഹന ഉടമകൾ വാഹനത്തിന്റെ വെളിച്ചം കണ്ടു നടത്തിയ പരിശോധനയിലാണ് റോഡിനു വശത്ത് താഴ്ന്ന നിലയിൽ ലോറി കണ്ടെത്തിയത്. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഗണേശനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.