പ്രൊഡ്യുസർ അസോസിയേഷൻ തെരഞ്ഞെടുപ്പ്: പത്രിക സമർപ്പിക്കാൻ പർദ്ദ ധരിച്ചെത്തി സാന്ദ്രാതോമസ്

എറണാകുളം: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആസ്ഥാനത്ത് പർദ ധരിച്ചെത്തിയാണ് സാന്ദ്ര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ഓഗസ്റ്റ് 14നാണ് കേര ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്ത് രണ്ട് വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.ആദ്യമായാണ് ഒരു വനിത പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നത്.
പുരുഷന്‍മാരുടെ കുത്തകയായ കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനനിൽ മാറ്റം വരുത്തുന്നതിനു വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ഭാരവാഹികളായ ആന്‍റോ ജോസഫ്, ബി രാകേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനു പിന്നാലെ സാന്ദ്രയെ സംഘടനയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിനെതിരെ സാന്ദ്രാ തോമസ് നിയമ പോരാട്ടം ആരംഭിച്ചിരുന്നു.
ഗൗരവകരമായ തൻ്റെ പരാതിയിൽ പൊലീസ് കുറ്റപത്രം നൽകിയിട്ടും പ്രതികളായ നാലു പേർ നിർമാതാക്കളുടെ സംഘടനയിൽ ഭരണാധികാരികളായി തുടരുകയാണന്ന് സാന്ദ്ര ചൂണ്ടിക്കാണിച്ചു. ആരോപണ വിധേയരായ ഇവർതന്നെ വീണ്ടും മത്സരിക്കുകയാണ്. പ്രതിഷേധത്തിൻ്റെ ഭാഗമായാണ് താൻ പർദ ധരിച്ചെത്തിയത്. ഇപ്പോഴത്തെ ഭാരവാഹികളുള്ള അസോസിയേഷനിൽ വരുമ്പോൾ ധരിക്കാൻ ഏറ്റവും ഉചിതമായ വസ്ത്രം പർദ തന്നെയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
പതിനാറോളം സിനിമകൾ നിർമിച്ചിട്ടുണ്ട്. ഒമ്പതു സിനിമകൾ തൻ്റെ സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുണ്ട്. പക്ഷേ കഴിഞ്ഞ രണ്ട് സിനിമകളെ വെച്ചാണ് തൻ്റെ അപേക്ഷ തള്ളാൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.ഇത്തവണ താൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത തവണ സ്ഥാനത്ത് തുടരില്ല. പുതിയ ആളുകൾക്ക് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കണം. പുതിയ ആളുകൾക്ക് കഴിവുതെളിയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം. അതിന് സമ്മതിക്കാതെ പത്ത് പതിനഞ്ച് വർഷമായി ചിലർ ഭരണം തുടരുകയാണെന്നും സാന്ദ്ര വിമര്‍ശിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച ‘പവർ ഗ്രൂപ്പിനെ’ പോലെ ചിലർ സംഘടനയെ അടക്കിവാഴുകയാണെന്നും അവർ ആരോപിച്ചു. വോട്ടർമാർ പാനലുകൾക്കാണ് വോട്ട് ചെയ്യുന്നതെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബി. രാകേഷിന് എതിരെ മത്സരിക്കാന്‍ താനല്ലാതെ മറ്റാരുമില്ലെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി. മത്സരിക്കാൻ ആളുകൾ മുന്നോട്ട് വരാത്തത് പരിതാപകരമാണെന്നും അവർ കൂട്ടിച്ചേർത്തു.