ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച് പരീക്ഷണ ഓട്ടം ചെന്നൈയിൽ പൂർത്തിയാക്കി

ചെന്നൈ: ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ പവേര്‍ഡ് കോച്ച് (ഡ്രൈവിങ് പവർ കാർ) വിജയകരമായി പരീക്ഷിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. പരിസ്ഥിതി സൗഹൃദ റെയിൽവേ നവീകരണത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന കോച്ച് ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് (ഐസിഎഫ്) പരീക്ഷണയോട്ടം നടത്തിയത്.
ഇന്ത്യൻ റെയിൽവേ 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാൻ വിഭാവനം ചെയ്‌തിട്ടുണ്ടെന്ന് അശ്വിനി വൈഷ്‌ണവ് 2023-ൽ രാജ്യസഭയെ അറിയിച്ചിരുന്നു. ‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്ക് കീഴിലാണ് ഇതു തയ്യാറാക്കുന്നത്. ഓരോ ട്രെയിനിനും 80 കോടി രൂപ ചെലവും വിവിധ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി രൂപയും കണക്കാക്കുന്നതായുമാണ് അദ്ദേഹം അറിയിച്ചത്.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ സാങ്കേതികവിദ്യയിൽ ഇതുഇന്ത്യയെ മുൻനിരയിൽ നിർത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 1,200 എച്ച്പി (ഹോർസ്‌പവർ) ശേഷിയുള്ള എഞ്ചിനാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ട്രെയിൻ ഡീസൽ അല്ലെങ്കിൽ വൈദ്യുതി എന്നിവയ്‌ക്ക് പകരമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്‌നോളജി ഉപയോഗിച്ചാവും പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ഈ പദ്ധതി വിജയകരമാകുന്നുവെങ്കിൽ ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് വലിയ സ്ഥാനം ലഭിക്കും. പരിസ്ഥിതി സൗഹൃദവും കാർബൺ ഉല്പാദനം കുറവുള്ളതുമാണ് ഈ ട്രെയിനുകളുടെ പ്രത്യേകത. നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു) റേക്കിൽ ഒരു ഹൈഡ്രജൻ ഇന്ധന സെൽ ഘടിപ്പിക്കുന്നതിനും ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്‌ചറിനുമായി 111.83 കോടി രൂപയുടെ പൈലറ്റ് പ്രോജക്‌ട് ഇന്ത്യൻ റെയിൽവേ അനുവദിച്ചിട്ടുണ്ട്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ ഹൈഡ്രജൻ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ട്രെയിനിന്‍റെ പ്രവർത്തനച്ചെലവ് നിശ്ചയിച്ചിട്ടില്ല. ഹൈഡ്രജൻ ഇന്ധന ട്രെയിൻ സെറ്റിന്‍റെ പ്രാരംഭ പ്രവർത്തനച്ചെലവ് കൂടുതലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ട്രെയിനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിന്നീട് കുറയുമെന്നുമാണ് വിലയിരുത്തല്‍.