100,000 വര്‍ഷങ്ങള്‍ പഴക്കമുള്ള ശ്‌മശാനം ടിന്‍ഷെമെറ്റ് ഗുഹയില്‍ ഗവേഷകർ കണ്ടെത്തി

ജറുസലം: ഇസ്രായേലിലെ ഒരു ഗുഹയിൽ ,ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാന സ്ഥലങ്ങളിലൊന്ന് കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ . ഏകദേശം 100,000 വർഷങ്ങൾ പഴക്കമുള്ള ആദ്യകാല മനുഷ്യരുടെ നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന മൃതദേഹാവശിഷ്‌ടങ്ങള്‍ കുഴികളിൽ ശ്രദ്ധാപൂർവ്വം അടുക്കി വച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.
ഖനനത്തിൻ്റെ ആദ്യ ഘട്ട വിശദാംശങ്ങള്‍ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ അക്കാദമിക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.പുതിയ കണ്ടെത്തലുകള്‍ പ്രാചീന മനുഷ്യരുടെ ജീവിതത്തെയും ശവ സംസ്‌കാരത്തെയും കുറിച്ചുള്ള പഠനത്തിന് ആക്കം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. പ്രാചീന മനുഷ്യര്‍ മരണാന്തര ജീവിതത്തെ കുറിച്ച് എങ്ങനെ ചിന്തിച്ചിരുന്നുവെന്നും അതില്‍ എത്രമാത്രം വിശ്വാസം അര്‍പ്പിച്ചിരുന്നുവെന്നതിലേക്കും വെളിച്ചം വീശുന്നതാണ് ഈ അവശിഷ്‌ടങ്ങള്‍ക്ക് സമീപത്ത് നിന്നും ലഭിച്ച വസ്‌തുക്കള്‍. ഗവേഷകര്‍ ഏറെ താത്പര്യത്തോടെയാണ് ഇവ ഓരോന്നും പരിശോധിച്ചത്.
“മനുഷ്യനെ സംബന്ധിച്ച് ഇതൊരു അത്ഭുതകരമായ കണ്ടുപിടിത്തമാണ്” ടിൻഷെമെറ്റ് ഖനനത്തിൻ്റെ ഡയറക്‌ടര്‍മാരില്‍ ഒരാളും ജറുസലമിലെ ഹീബ്രു സർവകലാശാലയിലെ പുരാവസ്‌തു ശാസ്‌ത്ര പ്രൊഫസറുമായ യോസി സെയ്‌ഡ്‌നര്‍ പറഞ്ഞു. 2016 മുതൽ ടിൻഷെമെറ്റിൽ പ്രവർത്തിക്കുന്ന പുരാവസ്തു ഗവേഷകർ വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഏകദേശം 110,000 മുതൽ 100,000 വർഷങ്ങൾക്ക് മുമ്പ് പഴക്കമുള്ള അഞ്ച് ആദ്യകാല മനുഷ്യരുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഴിമാടങ്ങളിലെ അസ്ഥികൂടങ്ങള്‍ക്കൊപ്പം ഇരുമ്പ് ദണ്ഡുകള്‍, ചെറിയ കല്ലുകള്‍, സ്വര്‍ണ നിറത്തിലുള്ള വസ്‌തുക്കള്‍ എന്നിവയും കണ്ടെത്തി. കുഴിമാടങ്ങളില്‍ നിന്നും കണ്ടെത്തിയ ഈ വസ്‌തുക്കള്‍ക്ക് പ്രാചീന കാലത്ത് മറ്റ് ഉപയോഗങ്ങളൊന്നും ഉണ്ടായിരുന്നതായി കരുതപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇവയെല്ലാം മരിച്ചവരോടുള്ള ആദരസൂചകമായി കുഴിമാടങ്ങളില്‍ നിക്ഷേപിച്ചതാകാമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.
2016 മുതൽ ടിൻഷെമെറ്റിൽ പ്രവർത്തിക്കുന്ന പുരാവസ്തു ഗവേഷകർ വിവിധ സാങ്കേതികവിദ്യകൾ അനുസരിച്ച്, ഏകദേശം 110,000 മുതൽ 100,000 വർഷങ്ങൾക്ക് മുമ്പുള്ള അഞ്ച് ആദ്യകാല മനുഷ്യരുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ആദിമ മനുഷ്യര്‍ക്ക് കല്ല് കൊണ്ട് അലങ്കാര വസ്‌തുക്കള്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നുവെന്ന് വിദഗ്‌ധര്‍ പറയുന്നു. ഇതിനെ സാദൂകരിക്കും വിധം ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള ഏതാനും വസ്‌തുക്കളും ഗുഹയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിൻ്റെ മറ്റ് പല ഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്‌തമായ ഒരു കാലാവസ്ഥയാണ് ഇവിടെയുള്ളത്. അസ്ഥികള്‍, അതിനൊപ്പം ലഭിച്ച മറ്റ് അവശിഷ്‌ടങ്ങള്‍ എന്നിവയ്‌ക്ക് കാലപ്പഴക്കം ഉണ്ടെങ്കിലും പഠനത്തിന് വിധേയമാക്കാന്‍ കഴിയാത്ത വിധം ദ്രവിക്കുകയോ നശിക്കുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട് മറ്റിടങ്ങളിലെ ഗവേഷണങ്ങളേക്കാള്‍ ടിന്‍ഷെമെറ്റിലെ ഗവേഷണം വിദഗ്‌ധര്‍ക്ക് ഏറെ എളുപ്പമാണെന്ന് പറയാം.
ലോകത്തിൻ്റെ മറ്റിടങ്ങളില്‍ നിന്നും കണ്ടെത്തിയ അവശേഷിപ്പുകളില്‍ ഭൂരിഭാഗവും കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പഠനത്തിന് വിധേയമാക്കാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു. എന്നാല്‍ ഇവിടത്തെ ഗുഹയില്‍ അത് ഉണ്ടായില്ലെന്ന് കണക്റ്റിക്കട്ട് സർവകലാശാലയിലെ പ്രൊഫസറും സ്‌മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ഹ്യൂമൻ ഒറിജിൻസ് പ്രോഗ്രാമിലെ ഗവേഷണ സഹകാരിയുമായ ക്രിസ്റ്റ്യൻ ട്രയോൺ പറഞ്ഞു.ആദിമ മനുഷ്യര്‍ ശവസംസ്‌കാരങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നുവെന്ന് എന്നാണ് പുരാവസ്‌തു ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഹോമോ സാപ്പിയൻസിൻ്റെ പൂര്‍വ്വീകരായ ഹോമോ നലേഡി 200,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മരിച്ചവരെ ഗുഹകളിൽ നിക്ഷേപിച്ചിരുന്നിരിക്കാം എന്ന കണ്ടെത്തലുകളും ഉണ്ട്. എന്നാൽ പല പുരാവസ്‌തു ഗവേഷകരും പറയുന്നത് ഈ കണ്ടെത്തലുകൾ വിവാദപരമാണെന്നാണ്. ആദിമ മനുഷ്യര്‍ മൃതദേഹം സംസ്‌കരിച്ചിരുന്നുവെന്നതിന് മറ്റ് തെളിവുകളൊന്നും ലഭിക്കാത്തിടത്തോളം കാലം അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടാനാകില്ലെന്നും ഏതാനും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.