കോൺഗ്രസ്സിന് അധോഗതി പ്രവചിച്ച് പാലോട് രവി :ഫോൺസംഭാഷണം ചോർന്നു

തിരുവനന്തപുരം: വരുന്ന അസംബ്ലി, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകരുമെന്ന പ്രവചനവുമായി തിരുവനന്തപുരം ഡി.സി.സി. പ്രസിഡൻ്റ് പാലോട് രവി. ജില്ലയിലെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെ ‘ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന ഉപദേശം’ മാത്രമെന്ന വിശദീകരണവുമായിഅദ്ദേഹം രംഗത്തെത്തി.
എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ചും കോൺഗ്രസിൻ്റെ ദയനീയ പതനം പ്രവചിച്ചുമുള്ള പാലോട് രവിയുടെ വാക്കുകൾ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് ഫോണ്‍സംഭാഷണം പുറത്തുവന്നതിനു പിന്നാലെ രവി വിശദീകരണവുമായി എത്തിയത്. സംഭാഷണത്തിലുടനീളം കോൺഗ്രസിൻ്റെ ഭാവി തകര്‍ച്ചയിലേക്കാണ് പോകുന്നതെന്നാണ് രവി പറയുന്നത്.
“പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും.നിയമസഭയിൽ ഉച്ചുകുത്തി താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി. എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. കാശ് കൊടുത്ത് 40,000–50,000 വോട്ട് പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ പോലെ പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. അതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും.”-ഇങ്ങനെ പോകുന്നു പാലോടിൻ്റെ പ്രവചനങ്ങൾ .
മുസ്ലിം വിഭാഗം കോൺഗ്രസിനെ കൈവിട്ട് മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകുമെന്നും, കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടിയിലേക്കും പോകുമെന്നും അദ്ദേഹം തുറന്നുപറയുന്നു. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഒരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പ്രവചിക്കുന്നുണ്ട്.”നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ,” എന്ന് അദ്ദേഹം തുറന്നുപറയുന്നു. കൂടാതെ, “ഒറ്റൊരാൾക്കും ആത്മാർഥമായി പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസ്സ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി ഒരുങ്ങികൊണ്ടിരിക്കുമ്പോഴാണ് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുന്ന പ്രവചനങ്ങൾ കോൺഗ്രസ്സിൻ്റെ മുതിർന്ന ഒരുനേതാവിൽ നിന്നുണ്ടാകുന്നത് .എന്തായാലും ഈ ഫോൺ സംഭാഷണങ്ങൾ വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെതിരെയുള്ള പ്രധാന ആയുധമായി മാറും എന്നത് ഉറപ്പാണ്.
വിഷയത്തിൽ പാലോട് രവിയുടെ പ്രതികരണം:
പാര്‍ട്ടി പ്രവര്‍ത്തകന് നല്‍കിയത് ജാഗ്രതാ നിര്‍ദേശം മാത്രമെന്നും വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന് താക്കീത് നല്‍കുകയായിരുന്നുവെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാര്‍ മാറണമെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം നടത്തി നല്ല ടീം വര്‍ക്കോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ നേതൃത്വവുമായി ആലോചിച്ച് നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും പാലോട് രവി പറഞ്ഞു.