മാഞ്ചസ്റ്ററിൽ റെക്കോര്‍ഡുകൾ തകർത്ത് ജോ റൂട്ടിന്‍റെ തേരോട്ടം തുടരുന്നു

ന്യുഡൽഹി :മാഞ്ചസ്റ്ററിൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടി. ഈ മികച്ച ഇന്നിംഗ്‌സിലൂടെ അദ്ദേഹം വീണ്ടും തന്റെ റെക്കോർഡ് ഭേദിക്കുന്ന ഫോം നിലനിർത്തി. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിന്റെ നാലാം ദിനത്തിൽ 248 പന്തിൽ നിന്ന് 150 റൺസ് നേടിയ റൂട്ട് ഇംഗ്ലണ്ടിന് ശക്തമായ ലീഡ് നൽകി.
മൂന്ന് പേരെയാണ് താരം ഇപ്പോൾ മറികടന്നിരിക്കുന്നത് .രാഹുല്‍ ദ്രാവിഡ് (13,288), ജാക്വസ് കാലിസ് (13,289), റിക്കി പോണ്ടിങ് (13,378) എന്നിവരെയാണ് താരം മറികടന്നത്. ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി നേടിയതിലൂടെ, റൂട്ട് തന്‍റെ പേരിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചു. ഇന്നലെ 120 റൺസ് നേടിയതോടെ, ടെസ്റ്റില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇതിഹാസ താരങ്ങളെ പിന്നിലാക്കി പട്ടികയില്‍ റൂട്ട് 13,380 റണ്‍സുമായി രണ്ടാം സ്ഥാനത്തെത്തി. ഇനി സച്ചിൻ ടെണ്ടുൽക്കർ (15,921 റൺസ്) മാത്രമാണ് താരത്തിന് മുന്നിലുള്ളത്.ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെയും ഡോൺ ബ്രാഡ്‌മാന്‍റേയും റെക്കോർഡ് റൂട്ട് തകർത്തു. കൂടാതെ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ (23) നേടിയ കളിക്കാരുടെ പട്ടികയിൽ റിക്കി പോണ്ടിംഗ്, ജാക്വസ് കാലിസ്, മഹേല ജയവർധന എന്നിവരോടൊപ്പം താരവും ഒന്നാമതെത്തി. ഇന്ത്യയിൽ സച്ചിന് 22 ടെസ്റ്റ് സെഞ്ച്വറികൾ ഉണ്ട്.
ഇംഗ്ലണ്ടിൽ ഇന്ത്യയ്‌ക്കെതിരെ റൂട്ടിന്‍റെ 9-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ടെസ്റ്റ് ചരിത്രത്തിൽ ഒരു എതിരാളിക്കെതിരെ സ്വന്തം ഗ്രൗണ്ടിൽ ഇത്രയധികം സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരനായി താരം മാറി. നേരത്തെ ഈ ലോക റെക്കോർഡ് ഓസ്‌ട്രേലിയയിലെ സ്വന്തം ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ 8 സെഞ്ച്വറികൾ നേടിയ ഡോൺ ബ്രാഡ്‌മാന്‍റെ പേരിലായിരുന്നു.