ഏറ്റവും വേഗതയേറിയ ടി20 സെഞ്ച്വറി നേടി ഡേവിഡ് : വിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് ജയം

വെള്ളിയാഴ്ച നടന്ന അഞ്ച് മത്സരപരമ്പരയിലെ മൂന്നാംമത്സരത്തിൽവെസ്റ്റ് ഇൻഡീസിനെതിരെ ആറ് വിക്കറ്റിന്റെ ജയം നേടി, ഓസ്ട്രേലിയ. വാർണർ പാർക്കിൽ നടന്ന മൂന്നാം ടി20യിൽ ആറ് വിക്കറ്റിന്‍റെ മികച്ച ജയം സ്വന്തമാക്കിയാണ് ഓസീസ് പരമ്പര പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് 20 ഓവറിൽ നാല് വിക്കറ്റില്‍ 214 റൺസാണെടുത്തത്. വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട ആറ് വിക്കറ്റുകളും 23 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയ നേടുന്ന ഏറ്റവും വലിയ വിജയകരമായ റൺ പിന്തുടരലാണിത്.സെഞ്ച്വറിയുമായി തിളങ്ങിയ ടിം ഡേവിഡിന്‍റെ ഇന്നിങ്സിന്‍റെ കരുത്തിലാണ് ടീം ജയിച്ചത്. വെറും 37 പന്തിൽ നിന്ന് 11 സിക്സറുകളുടെയും 6 ഫോറുകളുടെയും സഹായത്തോടെ പുറത്താകാതെ 102 റൺസാണ് താരം നേടിയത്. ഒരു ഓസ്‌ട്രേലിയക്കാരന്‍റെ ഏറ്റവും വേഗതയേറിയ ടി20 സെഞ്ച്വറിയാണിത്. 2023 ൽ സ്‌കോട്ട്‌ലൻഡിനെതിരെ 43 പന്തിൽ നിന്ന് ഈ റെക്കോർഡ് നേടിയ ജോഷ് ഇംഗ്ലിസിന്‍റെ പേരിലായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. കൂടാതെ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങൾക്കെതിരായ നാലാമത്തെ വേഗതയേറിയ ടി20 സെഞ്ച്വറിയുമാണ് ഇന്നലെ പിറന്നത്.