ഓണം വരുന്നു : ”സപ്ലൈകോയിലൂടെ വെളിച്ചെണ്ണ കുറഞ്ഞ വിലയില്‍ ലഭ്യമാക്കും”: ജിആര്‍ അനില്‍

കോഴിക്കോട്: കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലയ്‌ക്ക് കടിഞ്ഞാണിടാന്‍ ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഓണക്കാലം അടുത്തിരിക്കെ വെളിച്ചെണ്ണ വിലകുറച്ച് സപ്ലൈകോ വഴി വിൽക്കാനുള്ള നടപടികള്‍ പൊതുവിതരണ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കേരഫെഡ് അടക്കം സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ ആണെങ്കിലും ഇത്തരമൊരു ഘട്ടത്തിൽ അവരുടെ ഉത്പാദന കേന്ദ്രങ്ങളിൽ വെളിച്ചെണ്ണയുടെ വില കുറക്കാൻ തയാറാകണമെന്നും മന്ത്രി വ്യക്തമാക്കി. റേഷൻ കടയിലും സപ്ലൈകോ ഔട്ട്ലെറ്റിലും സന്ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രി ജിആർ അനിലിന്‍റെ പ്രതികരണം.ഏറ്റവും ശുദ്ധമായ കേര വെളിച്ചെണ്ണ ആയിരുന്നു നേരത്തെ സപ്ലൈകോ വഴി വിതരണം ചെയ്‌തിരുന്നത്. അത് നിർത്തി ശബരി ബ്രാൻഡാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. സപ്ലൈകോ വഴി വെളിച്ചെണ്ണ വിതരണം പൂർണമായി നിർത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വെളിച്ചെണ്ണയുടെ സ്റ്റോക്ക് ലഭ്യമല്ല എന്നതാണ് വസ്‌തുത. അതായത് സർവകാല റെക്കോഡും മറികടന്ന് വെളിച്ചെണ്ണ വില കുതിക്കുമ്പോൾ വിപണിയിലെ വില വർധനവ് പിടിച്ച് നിർത്തേണ്ട പൊതുവിതരണ കേന്ദ്രങ്ങളിൽ സ്റ്റോക്കില്ല.
കേര വെളിച്ചെണ്ണയുടെ നിലവിലെ വില പൊതുവിപണിയിൽ ലിറ്ററിന് ഏകദേശം 525 രൂപ മുതൽ 529 രൂപ വരെയാണ്. മറ്റ് ബ്രാൻഡഡ് വെളിച്ചെണ്ണകൾക്ക് ലിറ്ററിന് 480 രൂപ വരെ വിലയുണ്ട്. ഈ വർഷം ആദ്യം 200 രൂപയിൽ താഴെയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വിലയാണ് ഇപ്പോൾ ഇത്രത്തോളം വർധിച്ചിരിക്കുന്നത്.
നാളികേര ഉത്പാദനം കുറഞ്ഞതും നാളികേരത്തിനും കൊപ്രയ്ക്കും വില കൂടിയതുമാണ് ഈ വില വർധനവിന് പ്രധാന കാരണമായി പറയുന്നത്. സപ്ലൈകോയിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 329.70 രൂപയാണെങ്കിലും ഔട്ട്ലെറ്റുകളിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് ലഭ്യമല്ല. കോഴിക്കോട് ഡിപ്പോയ്ക്ക് കീഴിലുള്ള 27 ഔട്ട്ലെറ്റുകളിലും വെളിച്ചെണ്ണ തീർന്നിട്ട് മാസം ഒന്നായി. വിപണിയിൽ ഇടപെടൽ നടത്താനായി ടെൻഡർ നടപടികൾ പരിഷ്‌കരിച്ചതായാണ് വിവരം.