ഗാസയില്‍ ഇന്ത്യ ഇടപെടണം; കേന്ദ്ര സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് മുസ്‌ലിം സംഘടനകള്‍

ന്യൂഡല്‍ഹി: ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മുസ്‌ലിം സംഘടനകളും പണ്ഡിതരും. ചരിത്രപരമായി ഇന്ത്യ അടിച്ചമർത്തപ്പെട്ടവരോടൊപ്പമാണെന്നും ഈ പാരമ്പര്യം വീണ്ടും ഉറപ്പിക്കേണ്ട സമയമാണിതെന്നും സംഘടന വ്യക്തമാക്കി.മനുഷ്യത്വരഹിതമായി തുടരുന്ന വംശഹത്യയെയും മാനുഷിക ദുരന്തത്തെയും ശക്തമായി അപലപിക്കുന്നുവെന്ന് ഇവരുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
200 ദശലക്ഷത്തിലധികം ഇന്ത്യൻ മുസ്‌ലിങ്ങള്‍ പലസ്‌തീന്‍ ജനതയോട് അചഞ്ചലമായ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നുവെന്ന് സംഘടനകള്‍ പറഞ്ഞു. ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് പ്രസിഡൻ്റ് മൗലാന അർഷാദ് മദനി, അഖിലേന്ത്യ മുസ്‌ലീം വ്യക്തിനിയമ ബോർഡ് പ്രസിഡൻ്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മേധാവി സയ്യിദ് സദത്തുള്ള ഹുസൈനി, മർകഴി ജംഇയ്യത്ത് അഹ്ൽ ഇ ഹദീസ് മഅ്പുത്, ഫംഹറുൽ മഅ്പുത് അലി എന്നിവരാണ് സംയുക്ത പ്രസ്‌താവന ഇറക്കിയത്. മുഖറം അഹമ്മദ്, മുൻ രാജ്യസഭാ എംപി മൗലാന ഒബൈദുള്ള ഖാൻ ആസ്‌മി തുടങ്ങിയവര്‍ സമേളനത്തിൽ പങ്കെടുത്തു.
അനീതിക്കെതിരെ നിലകൊള്ളാനും തുടർച്ചയായുള്ള ഇസ്രയേലി ആക്രമണം അവസാനിപ്പിക്കാൻ വേഗത്തിലുള്ള നടപടി സ്വീകരിക്കാനും ഇന്ത്യൻ സർക്കാരിനോടും ലോകരാജ്യങ്ങളോടും ലോകമെമ്പാടുമുള്ള ആളുകളോടും തങ്ങൾ അഭ്യർഥിക്കുന്നുവെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കി. പലസ്‌തീന്‍ ജനതയ്‌ക്കെതിരായ നിരന്തരമായ ആക്രമണം ഒരു ക്രൂരമായ വംശഹത്യയുടെ രൂപമെടുത്തിരിക്കുന്നു. വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, അഭയാർഥി ക്യാമ്പുകൾ എന്നിവ ആസൂത്രിതമായി ഇസ്രയേല്‍ ആക്രമിക്കുകയാണെന്നും വിവിധ മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കുന്നു.