മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ തേവലക്കര സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ , കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ ഭരണ സമിതി പിരിച്ചു വിട്ട് വിദ്യാഭ്യാസ വകുപ്പ്. മാനേജരെയും പുറത്താക്കിയെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂളിൻ്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിക്കും.
സ്‌കൂൾ മാനേജ്മെൻ്റ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. സ്‌കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മനഃപൂർവമായ വീഴ്‌ച ഉണ്ടായിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മാനേജർ ആർ തുളസീധരൻ പിള്ള നൽകിയ മറുപടി. ഇത് തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ജൂലൈ 29 ന് മുമ്പായി എഇഒ (അസ്സിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസർ), ഡിഇഒ (ജില്ല വിദ്യാഭ്യാസ ഓഫീസർ), ഡിഡി(ഡെപ്യൂട്ടി ഡയറക്ടർ), ആർഡിഡി(റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ), എഡി ബിആർസി വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. ജൂലൈ 31 ന് മുമ്പായി ഡിഡിമാർ, ജില്ലാതലത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ച് അതാത് ഉദ്യോഗസ്ഥർക്ക് കത്ത് നൽകും. ഇതിൻ്റെ മൊത്തം റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ലാ കലക്‌ടർമാർക്ക് നൽകും. കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കും നൽകണം. എല്ലാ ഡിഡിമാരും സ്‌കൂൾ സുരക്ഷാ വിഷയം ഡിഡിസിയിലെ സ്ഥിരം അജണ്ടയാക്കാൻ ജില്ലാ കലക്‌ടർക്ക് കത്ത് നൽകും.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസഡയറക്ടർ ജില്ലാ കലക്ടർമാർക്കും കത്ത് നൽകും. മുഖ്യമന്ത്രി തന്നെ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലയിൽ ഡിഡിഇ., ആർഡിഡി., എഡി, ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ ഓഫീസർ, എസ്എസ്കെ ജില്ലാ കോർഡിനേറ്റർമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ ഏഴ് ടീമുകൾ ഓരോ സ്‌കൂളുകളും സന്ദർശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
മിഥുൻ കേരളത്തിൻ്റെ മകനെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. മിഥുൻ്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മുഖാന്തരം വീട് വെച്ച് നൽകുന്നതിന് ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിക്കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെൻ്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്റ്റിഎ. 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറുമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.