രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല : ഫയലില്‍ ഒപ്പിടാതെ മുഖ്യമന്ത്രി

0
KZH PRISON

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല. തിരുവനന്തപുരം, കോഴിക്കോട് ജയിലുകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ജൂണ്‍ 19നാണ് ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. നിലവില്‍ രണ്ട് ജയിലുകളിലും സൂപ്രണ്ടിന്റെ ചുമതല മാത്രമാണുള്ളത്. ഇത്തരത്തില്‍ ജയില്‍ സൂപ്രണ്ടുമാര്‍ ഇല്ലാതിരിക്കുന്നത് അപൂര്‍വമാണ്. രണ്ട് സൂപ്രണ്ട് പോസ്റ്റും പ്രൊമോഷന്‍ പോസ്റ്റ് ആണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊടും കുറ്റവാളി ജയില്‍ ചാടിയതിന് പിന്നാലെ സര്‍ക്കാരിന്റെ ഗുരുതര വീഴ്ചകള്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് രണ്ട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരില്ലെന്ന വിവരം പുറത്ത് വരുന്നത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *