ഷീല സണ്ണിക്കെതിരായ ലഹരിക്കേസ്; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

0

കൊച്ചി: ബ്യൂട്ടിപാർലർ ഉടമയായ ഷീലസണ്ണിക്കെതിരെ എടുത്ത വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്. വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു.

2023 ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ  സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം.

ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *