ശമ്പളം മുടങ്ങി; പെൻഷൻ വൈകി, സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലോ..?
തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമയതോടെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം, ശമ്പള ദിവസം തന്നെ മുടങ്ങി. മുൻപും ട്രഷറി പ്രതിസന്ധിയിലായ ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പളദിവസങ്ങളിൽ ആയിരുന്നില്ല.എന്നാൽ, ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ട് മരവിപ്പിച്ചു.അകൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്ന് കാണിച്ചെങ്കിലും, പണം പിൻവലിക്കാനോ,കൈമാറാനോ കഴിയില്ല.
ബാങ്ക് വഴി പെൻഷൻ വാങ്ങുന്ന 5 ലക്ഷം പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് രാവിലെ പെൻഷൻ കാശ് എത്തിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് അഞ്ചോടെ മാത്രമാണ് പണം കൈമാറിയത്.ഇന്നുമുതൽ ഈ പണം കൈപ്പറ്റാവുന്നതാണ്, എന്നാൽ ട്രഷറിയിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നവർക്ക് തടസ്സം നേരിട്ടിട്ടില്ല.ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, പൊലീസ്, ട്രഷറി, ജിഎസ്ടി, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാർക്കാണ് ആദ്യ ദിവസം ശമ്പളം ലഭിക്കുക.
ആദ്യം ട്രഷറിയിലെ ഇടിഎസ്ബി നിക്ഷേപിക്കുന്ന പണം അവിടെ നിന്ന് ബാങ്കിലേക്ക് പോകുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.എന്നാൽ, ഇന്നലെ ഇടിഎസ്ബിയിലേക്ക് എത്തിയതായി കാണിച്ച പണം ബാങ്കിലേക്കു പോയില്ല.ജീവനക്കാർ ഇടിഎസ്ബിയിൽ നിന്ന് ഓൺലൈനായി പണം ബാങ്കിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിലായതിനാൽ സാധിച്ചില്ല.ശമ്പളം കൊടുത്തതായി വരുത്തി തീർക്കാനാണ് സർക്കാരിന്റെ ഈ വളഞ്ഞ വഴി.ഇന്ന് ശമ്പളം വിതരണം ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന് വനം വകുപ്പൊ, ട്രെഷറി അധികൃതരോ ഉത്തരം നൽകിയില്ല.സാങ്കേതികതടസ്സം കാരണമാണു ശമ്പളം അക്കൗണ്ടിൽ എത്താത്തത് എന്നാണ് സർക്കാരിന്റെ വിശദീകരണം.