എന്തുകൊണ്ട് മരിച്ചവർക്ക് വേണ്ടി നമ്മൾ ബലി അർപ്പിക്കുന്നു?
ഭാരതീയ സംസ്കൃതിയനുസരിച്ച് ഗൃഹസ്ഥൻ ആചരിക്കേണ്ട പഞ്ചമഹാ യജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം. പിതൃയജ്ഞം രണ്ടുവിധത്തിൽ ഉണ്ട്. ‘തർപ്പണ’വും ‘ശ്രാദ്ധ’വും. ജീവിച്ചിരിക്കുന്ന മാതാവ്, പിതാവ്, പിതാമഹൻ, ഗുരു, ജ്ഞാനമുള്ളവർ തുടങ്ങിയവരെ ശുശ്രൂഷിച്ച് തൃപ്തിപ്പെടുത്തുന്നതിനെ ‘തർപ്പണം’ എന്നും മരിച്ചുപോയ പൂർവ്വികരെ ശ്രദ്ധാപൂർവ്വം സ്മരിക്കുകയും ചെയ്യുന്നതിനെ ‘ശ്രാദ്ധം’ എന്ന് പറയുന്നു.
“പിതൃയജ്ഞം തു നിർവർതൃ വിപ്രശ്ചേന്ദുക്ഷയേ ഽ ഗ്നിമാൻ
പിണ്ഡാന്വാഹര്യകം ശ്രാദ്ധം കുര്യാൻ മാസാനുമാസികം” . എന്ന് മനുസ്മൃതി. സ്വധർമ്മിഷ്ഠനായ വിപ്രൻ അമാവാസ്യനാൽ സപിണ്ഡം പിതൃയജ്ഞം നിർവഹിച്ചശേഷം തുടർന്ന് ശ്രാദ്ധം നടത്തേണ്ടതാകുന്നു. ഇത് മാസംതോറും നടത്തേണ്ടതാണ് എന്നർത്ഥം.
തർപ്പണം എല്ലാദിവസവും, ശ്രാദ്ധം മാസംതോറും അമാവാസികളിലും നടത്തണമെന്നും പറയുന്നു. മനുഷ്യരുടെ ഒരുമാസം പിതൃക്കളുടെ (മരിച്ചുപോയ പൂർവ്വികരുടെ) ഒരു ദിവസവും ആകുന്നു.
മനുഷ്യരുടെ കറുത്തപക്ഷം പിതൃക്കളുടെ പകലും വെളുത്ത പക്ഷം രാത്രിയും ആകുന്നു. പിതൃക്കൾ അവരുടെ എല്ലാദിവസവും അതായത് മാസംതോറുമുള്ള അമാവാസികളിൽ ഉച്ചയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ട മക്കളെ കാണാൻ വരുമെന്നും, മക്കൾ അവരെ ഭക്തിയോടെ ശുശ്രൂഷിച്ചാൽ അവർ തൃപ്തരായി ‘നന്നായിവരട്ടെ’ എന്നാശിർവദിച്ച് സന്തുഷ്ടരായി മടങ്ങുമെന്നും അത് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാക്കുമെന്നും, അവരെ ശ്രദ്ധിക്കാതെ അവഗണിച്ചുവിട്ടാൽ അവർ മനംനൊന്ത് പ്രാകി മടങ്ങുമെന്നും അപ്പോൾ എല്ലാവിധ ദുരിതങ്ങളും കുടുംബത്തിൽ ഉണ്ടാകുമെന്നും കേരളത്തിൽ ഹൈന്ദവവൽക്കരണത്തിന്ടെ ഭാഗമായി ഉണ്ടായ വിശ്വാസം.
മരിച്ചുപോയ ആത്മാക്കൾ തിരിച്ചുവരികയോ ഐശ്വര്യം ഉണ്ടാക്കി തരുകയോ ചെയ്യുമെന്ന് മനുസമിതി പറയുന്നില്ല. പിന്നെന്തിനു പിതൃയജ്ഞം നടത്തണം…?
നമ്മുടെ ശരീരം 30 നും 40 നുമിടയ്ക്ക് ട്രില്യൺ കോശങ്ങളാൽ നിർമ്മിതമാണ്. ഓരോ കോശത്തിന്ടെയും ന്യൂക്ലിയസ്സിൽ DNA യിൽ ക്രോമോസോമുകളിൽ ജീനുകളിലായി നമ്മുടെ പൈതൃക ചരിത്രം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഓരോകോശത്തിലും 46 വീതം ക്രോമോസോമുകൾ ഉണ്ട്. അതിൽ 23 എണ്ണം പിതാവിൽ നിന്നും, 23 എണ്ണം മാതാവിൽ നിന്നുമാണ്. അതായത് നമ്മളുടെ പകുതി പിതാവും, പകുതി മാതാവും ആണെന്നർത്ഥം (ഇതാണ് അർദ്ധനാരീശ്വര സങ്കൽപം).
നമ്മൾ ഓരോ കോശത്തിലേക്കും ശ്രദ്ധിച്ച് മാതാപിതാക്കളെ സ്മരിക്കുമ്പോൾ അതാത് ക്രോമോസോമുകൾ ഉത്തേജിപ്പിക്കപ്പെടുന്നു. ശ്രദ്ധ ശരീരം മുഴുവൻ ആകുമ്പോൾ ശരീരത്തിലെ മാതൃപിതൃ ക്രോമോസോണുകൾ മുഴുവനും ഉത്തേജിപ്പിക്കപ്പെടുന്നു. അങ്ങനെ പിതൃയജ്ഞത്തിലൂടെ നമ്മൾ സ്വയം ഉത്തേജിപ്പിക്കപ്പെടുകയും നമുക്ക് പുതിയ ഉണർവ്വും ഊർജ്ജവും അനുഭവപ്പെടുകയും ചെയ്യും. ഇത് മാസംതോറും ചെയ്യുകയാണെങ്കിൽ നമ്മുടെ ഉണർവ്വും ഊർജ്ജവും നിലനിർത്തിക്കൊണ്ടു പോകാനാവും.
ഇതാണ് ഭാരതീയ സംസ്കൃത്യനുസരിച്ചുള്ള പിതൃയജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നത്.
കടപ്പാട്: ശ്രീറാം ഓടാട്ടിൽ