കേന്ദ്രം കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന പ്രചാരണം തെറ്റ് : കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്‍റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്. സാധാരണ ഗതിയിൽ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ. കേന്ദ്ര സർക്കാർ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ് 2736 കോടി രൂപ തന്നിട്ടുള്ളത്. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്. ഇത്തവണയും ആ തുകയാണ് ലഭ്യമാക്കിയത്. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐജിഎസ്‌ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല.
കേരളത്തിന് അർഹതയുള്ള 13,609 കോടി രൂപയുടെ വായ്‌പാനുമതി കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ സംസ്ഥാനം നൽകിയ പരാതി പിൻവലിച്ചാൽ അനുമതി നൽകാമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വർധിച്ച ചെലവുകൾ വഹിക്കാൻ സംസ്ഥാനത്തിന് ഉപയോഗിക്കാനാകുന്ന തുകയാണ് ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്.