“ജീവിതത്തിലുടനീളം അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി പോരാടിയനേതാവ്” : എ.കെ.ആന്റണി

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ ജീവിതാവസ്ഥ മാറ്റി മറിച്ച നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് കോണ്‍ഗ്രസും മുന്‍മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി പറഞ്ഞു. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തുന്നത്. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നുവെന്നും എ കെ ആന്‍റണി അനുസ്‌മരിച്ചു.
ജീവിതത്തിലുടനീളം അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണ് വി എസ് അച്യുതാനന്ദൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വിഎസ് ജനകീയനായത്. എകെജിക്ക് ശേഷം കേരളം കണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ജനകീയ നേതാവായി പ്രതിപക്ഷ നേതാവായ സമയത്ത് വിഎസ് അച്യുതാനന്ദൻ മാറി. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഎസ് നിയമസഭയിൽ എന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, നിയമസഭയ്ക്ക് പുറത്ത് നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുമെന്നും എകെ ആന്‍റണി ഓർത്തെടുത്തു.
മുഖ്യമന്ത്രിയായ വി എസ് സമരനായകനില്‍ നിന്ന് വികസന നായകനായി മാറി. മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന്‍റെ വികസനത്തിന് വേണ്ടി വലിയ ശ്രമങ്ങള്‍ അദ്ദേഹം നടത്തി. ഞാന്‍ കേന്ദ്രമന്ത്രിയായ സമയത്ത് കൊച്ചി മെട്രോയ്ക്ക് വേണ്ടി ഡല്‍ഹിയിൽ വി എസ് എന്നെ കാണാനെത്തിയിരുന്നു. അവസാന നാളുകൾ വരെ വിഎസുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞെന്നും എ കെ ആന്‍റണി അനുസ്‌മരിച്ചു.
അച്യുതാനന്ദന്‍റെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അനുശോചനം അറിയിച്ചു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്‌ദമുയര്‍ത്തിയ സഖാവാണ് അദ്ദേഹമെന്ന് രാഹുല്‍ അനുസ്‌മരിച്ചു. സഖാവ് വി.എസ്. അച്യുതാനന്ദന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്‌ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഗാന്ധി അനുസ്‌മരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സഖാക്കൾക്കും ആരാധകർക്കുമൊപ്പം വിയോഗത്തിലെ വിഷമം പങ്കുവെക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വിപ്ലവനായകൻ വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള ഗവർണർ രാജേന്ദ്ര ആർലേക്കറും അനുശോചനം രേഖപ്പെടുത്തി. സമൂഹ മാധ്യമ പോസ്‌റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്. മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ താൻ വളരെ ദുഃഖിതനാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കുറിച്ചു. “പൊതുസേവനത്തിനും സാമൂഹിക പുരോഗതിക്കും ജീവിതം സമർപ്പിച്ച പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ കുടുംബത്തിനും അനുയായികൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി” എന്ന് പ്രതിരോധമന്ത്രി കുറിച്ചു.
ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അനുശോചനം
അച്യുതാനന്ദന് ഈ അവസരത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്നായിരുന്നു ഗവർണറുടെ പോസ്‌റ്റ്. ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. “തൻ്റെ ആദർശങ്ങളിൽ ഉറച്ചു നിന്ന ഒരു യഥാർഥ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. അദ്ദേഹത്തിൻ്റെ വിയോഗത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും” എന്നും കൂട്ടിച്ചേർത്തു.