“സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനo” :CPM സംസ്ഥാന സെക്രട്ടറി

0
VS MV

തിരുവനന്തപുരം: സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനമാണ് വിഎസിൻ്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്‌. സ്വയം തെളിച്ച വഴിയിലൂടെയാണ്‌ വിഎസ്‌ കേരളത്തെ നയിച്ചത്‌. സഖാവിനൊപ്പമുള്ള അനേകായിരം ഓർമകളാണ്‌ മനസിലേക്ക്‌ ഇരച്ചെത്തുന്നതെന്നും അദ്ദേഹത്തിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

“സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും. അനീതികളോട്‌ സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു സഖാവ്‌ വി എസ്‌. സഖാവിന്റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ്‌ കേരളത്തിനുണ്ടാക്കിയിരിക്കുന്നത്‌. സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്‌ അച്യുതാനന്ദൻ. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്‌ പാർട്ടി ലോകത്തിന്‌ നൽകിയ അതുല്യസംഭാവന. അനാഥത്വത്തോട്‌ പൊരുതിയ ബാല്യം മുതൽ ആരംഭിച്ചതാണ്‌ ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട അദ്ദേഹം എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി. പുന്നപ്ര –- വയലാർ സമരം, കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ളയ്‌ക്കും മതികെട്ടാനിലെ ഭൂമി കയ്യേറ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വിഎസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്‌. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വിഎസ്‌ ഇറങ്ങിച്ചെന്നത്‌ ഒരു പോരാളിയായാണ്‌. ദിവാൻ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വർഗ സമരങ്ങളെ മുന്നിൽ നിന്ന്‌ നയിച്ച കരുത്തായിരുന്നു ആ മഹാ ജീവിതത്തിന്റെ മൂലധനം. പൊലീസിന്റെ ലാത്തിക്കും തോക്കുകൾക്കും തോൽപ്പിക്കാനാകാത്ത കരുത്തുറ്റ ജീവിതം.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *