” ചർച്ചകൾ എന്ന പേരിൽ സാമുവല്‍ നാൽപതിനായിരം ഡോളർ തട്ടിയെടുത്തു” : ഫത്താഹ് മഹ്ദി

0
nimisha story

എറണാകുളം: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോമിനെതിരെ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബം. സഹോദരൻ അബ്‌ദുൽ ഫത്താഹ് മഹ്ദിയാണ് സാമുവൽ ജെറോമുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടില്ല, ബന്ധപ്പെട്ടിട്ടില്ല, ഒരു ടെക്സ്റ്റ് സന്ദേശം പോലും അയച്ചിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്ന് സഹോദരൻ ഫത്താഹ് മഹ്ദി പറഞ്ഞു.

‘ചർച്ചകൾ’ എന്ന പേരിൽ സാമുവല്‍ നാൽപതിനായിരം ഡോളർ തട്ടിയെടുത്തു. തലാലിൻ്റെ കുടുംബവുമായുള്ള ‘ചർച്ചാ ചെലവുകൾ’ എന്നപേരിൽ വീണ്ടും ഇരുപതിനായിരം ഡോളർ ആവശ്യപ്പെട്ടതായി പുതിയ വാർത്ത ഞാൻ കണ്ടു. വർഷങ്ങളായി, നമ്മുടെ സഹോദരൻ്റെ രക്തത്തിന് പകരം “മധ്യസ്ഥത” എന്ന പേരിൽ അയാൾ കച്ചവടം നടത്തിവരികയാണ്. മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനകളിലൂടെ മാത്രമേ നമ്മൾ ആ മധ്യസ്ഥതയെക്കുറിച്ച് കേട്ടിട്ടുള്ളൂവെന്നും അബ്‌ദുൽ ഫത്താഹ് മഹ്ദി വ്യക്തമാക്കി.

വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് പ്രസിഡൻ്റ് അംഗീകരിച്ചതിനുശേഷം ഞാൻ അദ്ദേഹത്തെ സനയിൽ വച്ച് കണ്ടു. അവിടെ വെച്ച് അദ്ദേഹം തൻ്റെ അടുത്തേക്ക് വന്ന് അഭിനന്ദനം അറിയിച്ചതായും അബ്‌ദുൽ ഫത്താഹ് മഹ്ദി ആരോപിച്ചു.

അതേസമയം ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷപ്രിയയുടെ കുടുംബവും ഇരയായ തലാൽ മെഹ്‌ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടുവെന്ന് ആക്ഷൻ കൗൺസിൽ ലീഗൽ അഡ്വൈസർ കെ സുഭാഷ് ചന്ദ്രൻ പ്രതികരിച്ചു. ഞങ്ങൾ പൂർണമായും തലാലിൻ്റെ കുടുംബത്തിൻ്റെ വികാരങ്ങളെ മാനിക്കുന്നു. തെറ്റ് ചെയ്‌ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നുവെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറിപ്പിൽ വ്യക്തമാക്കി.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വെച്ച ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയും കാന്തപുരത്തിൻ്റെ ഇടപെടൽ തള്ളി സാമുവൽ ജെറോം രംഗത്ത് വന്നിരുന്നു. നേരത്തെ ആക്ഷൻ കമ്മിറ്റി അംഗമായിരുന്ന യമനിലുള്ള സാമുവൽ ജെറോം ഇപ്പോൾ കമ്മിറ്റിയുമായി സഹകരിക്കുന്നില്ല. ആക്ഷൻ കമ്മിറ്റി മോചന ശ്രമകൾക്കായി പിരിച്ചു നൽകിയ 38 ലക്ഷം രൂപയുടെ പണത്തിൻ്റെ കണക്ക് ചോദിച്ചതിനെ തുടർന്നാണ് സമുവൽ ജെറോം നിസഹകരണം തുടങ്ങിയതെന്നും ആക്ഷൻ കമ്മിറ്റി കോർ കമ്മിറ്റി അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ പറഞ്ഞു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *