ശ്വൻ സിംഗിന്‍റെ പഠന ചെലവ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം

ചണ്ഡീഗഡ്: ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ സൈനികർക്കായി ഭക്ഷണവും പാനീയങ്ങളും എത്തിച്ച 10 വയസുകാരൻ ശ്വൻ സിംഗിന്‍റെ പഠന ചെലവ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം. ശ്വൻ സിംഗിന്‍റെ പഠന ചെലവ് ഇന്ത്യൻ സൈന്യത്തിന്‍റെ ഗോൾഡൻ എറോ ഡിവിഷൻ ഏറ്റെടുക്കുമെന്ന് അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിനിടെ താരാവാലി ഗ്രാമത്തിലെ സൈനികർക്ക് ഭക്ഷണവും പാനീയങ്ങളും എത്തിച്ചു നൽകിയിരുന്നത് ശ്വൻ സിംഗ് ആയിരുന്നു. വെടിവെയ്പ്പ് നടക്കുന്നതിനിടയിൽ പോലും വെള്ളം, ഐസ്, ചായ, പാലു, ലസ്സി എന്നിവയുമായി ശ്വൻ സൈനികർക്കിടയിൽ എത്തി. പാകിസ്ഥാന്‍റെ ആക്രമണത്തെ നേരിടുന്നതിനിടെയായിരുന്നു ഈ സഹായം.ശ്വൻ സിംഗിൻ്റെ അസാമാന്യ ധീരതയെയും രാജ്യ സ്‌നേഹത്തെയും പ്രശംസിച്ചു കൊണ്ട് ഈ കൊച്ചുമിടുക്കൻ്റെ വിദ്യഭ്യാസ ചെലവുകൾ ഏറ്റെടുക്കാന്‍ സൈന്യം തയ്യാറായി. ഫിറോസ്‌പൂര്‍ കന്‍റോണ്‍മെന്‍റില്‍ ഇന്നലെ നടന്ന ചടങ്ങിൽ പടിഞ്ഞാറൻ കമാൻഡിന്‍റെ ജനറൽ ഓഫിസർ കമാൻ്റർ-ഇൻ-ചീഫ് ലെഫ്. ജനറൽ മനോജ് കുമാർ കാടിയാർ ശ്വനെ ആദരിച്ചു.
‘തന്‍റെ മകന്‍റെ പ്രവ്യത്തിയിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ആരും പറയാതെ തന്നെ ഇങ്ങനെയൊരു പ്രവ്യത്തി ഏറ്റെടുത്തതിൽ നിന്ന് അവന്‍റെ ദേശസ്നേഹം എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും’ പിതാവ് പറഞ്ഞു. ഭാവിയിൽ സൈന്യത്തിൽ ചേരണം, രാജ്യസേവനം ചെയ്യണം എന്നാണ് ശ്വന്‍ സിംഗിൻ്റെ സ്വപ്‌നം.