അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൊല്ലം: ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
സ്ത്രീധനത്തിന്റെ പേരിലും സതീഷ് ഭാര്യ അതുല്യയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ നാള് മുതല്‍ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു രവീന്ദ്രന് പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞശേഷമാണ് സതീഷ് മദ്യപിക്കും എന്നതിനെ പറ്റി അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രന് പിള്ള പറഞ്ഞു.
കുഞ്ഞിനുവേണ്ടി അതുല്യ എല്ലാം സഹിക്കുകയായിരുന്നുവെന്ന് അതുല്യയുടെ അച്ഛന് രാജശേഖരന് പിള്ള പറഞ്ഞു. മുമ്പ് പൊലീസ് കേസ് വരെയുണ്ടായിരുന്നു. മദ്യപാനം അമിതമാകുമ്പോള്‍ വയലന്റായി ആക്രമിക്കും. കുഞ്ഞിനെ ഏറെ സ്നേഹിച്ചിരുന്ന മകള്‍ ഒരിക്കലും ജീവനൊടുക്കില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. മകള്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നു. മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛന് രാജശേഖരന് പിള്ള പറഞ്ഞു