അസംബന്ധങ്ങൾ പറയാതെ, മതേതര ശക്തികളെ ഒന്നിപ്പിക്കാനുള്ള ശ്രമം രാഹുൽഗാന്ധി നടത്തണം : ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: മതേതര ശക്തികളെ ഒന്നിപ്പിക്കുക എന്നതായിരിക്കണം രാഹുൽ ഗാന്ധിയുടെ ഏക ലക്ഷ്യം, അല്ലാതെ അവർക്കിടയിൽ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിക്കുക എന്നതായിരിക്കരുതെന്നും എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്.
സിപിഎമ്മിനെ ആർഎസ്‌എസ്സു മായി താരതമ്യം ചെയ്ത കോൺഗ്രസ് നേതാവിന്റെ കേരളത്തിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടാസ്.കോട്ടയത്ത് കഴിഞ്ഞ ദിവസം സംസാരിച്ച രാഹുൽ ഗാന്ധി ആർഎസ്‌എസിനോടും സിപിഐഎമ്മിനോടും പ്രത്യയശാസ്ത്രപരമായി പോരാടുന്നുണ്ടെങ്കിലും അവരെക്കുറിച്ചുള്ള തന്റെ ഏറ്റവും വലിയ പരാതി അവർക്ക് ജനങ്ങളോട് വികാരമില്ലായ്മയാണെന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബ്രിട്ടാസ് എത്തിയത്. കേരളത്തിൽ പോകുമ്പോഴെല്ലാം ഇത്തരം അസംബന്ധങ്ങൾ പറയാൻ അദ്ദേഹത്തിന് ഒരു പ്രവണതയുണ്ടെന്നും അതിന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയാണ് ഉത്തരവാദിയെന്ന് താൻ കരുതുന്നെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ആർഎസ്എസിനെ നേരിടാൻ അദ്ദേഹം കേരളത്തെ യുദ്ധക്കളമായി തിരഞ്ഞെടുത്തു. എന്നാൽ, കേരളത്തിൽ യഥാർത്ഥത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള പോരാട്ടമായിരുന്നു അത്,” എന്നും ബ്രിട്ടാസ് പിടിഐയോട് വ്യക്തമാക്കി.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ വേണ്ടി മാത്രമാണ് 2004 ൽ ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയെ പിന്തുണച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് തകർത്തതിനെ കുറിച്ചുള്ള കോൺഗ്രസിന്റെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവെന്ന നിലയിൽ, ബിജെപിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.