പഠിച്ച സ്‌കൂളിൽ അത്യന്താധുനിക ത്രിമാന പഠനസംവിധാനങ്ങൾ ഒരുക്കി മുംബൈ മലയാളി

കൊല്ലം :പരമ്പരാഗത ക്ലാസ്റൂം പഠന രീതികളിൽ നിന്ന് വ്യത്യസ്തമായി ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഇനി പാഠഭാഗങ്ങൾ ത്രിമാന വീഡിയോ രൂപത്തിൽ ശീതീകരിച്ച തിയേറ്ററിൽ ഇരുന്ന് പഠിക്കാം.
താൻ പഠിച്ചു വളർന്ന സ്‌കൂളിൽ അത്യന്താധുനികമായ ഈ ത്രിമാന പഠനസംവിധാനങ്ങൾ പുതു തലമുറയ്ക്കായി ഒരുക്കി നൽകിയിരിക്കയാണ് മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർ മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ.സുരേഷ്കുമാർ മധുസൂദനൻ .
കഴിഞ്ഞ വർഷം തൻ്റെ പിതാവ് കോക്കാട്ട് കെ.മധുസൂ ദനൻ്റെ സ്മരണാർത്ഥം ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചു നൽകിയ ‘ഗ്യാലക്സി’ എന്ന 3D എഡ്യുക്കേഷണൽ തിയേറ്ററിൽ ആണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. വ്യവസായിയായ സോഹൻ റോയിയുടെ നേതൃത്തിലുള്ള എരീസ് ഗ്രൂപ്പാണ് ‘എംബൈബ് 3സി സ്റ്റീരിയോ ‘സംവിധാനത്തിൻ്റെ സഹായത്തോടെ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് 2വരെയുള്ള പാഠഭാഗങ്ങൾ 3D വീഡിയോ രൂപത്തിൽ കണ്ട് പഠിക്കാവുന്ന പദ്ധതി വികസിപ്പിച്ച് സ്കൂളിൽ സ്ഥാപിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സ്‌കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ഡോ.സുരേഷ്കുമാർ മധുസൂദനൻ നിർവഹിച്ചു. SNDP യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡൻ്റ് കെ. സുശീലൻ ,ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.മിനിമോൾ എന്നിവർ മുഖ്യാതിഥി കളായിരുന്നു. കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡൻ്റ് എസ് . ശോ ഭനേശൻ പിടിഎ പ്രസിഡൻ്റ് കേ.നമിഷാദ് സാമൂഹ്യ പ്രവർത്തക ഗീത വി പണിക്കർ ,സ്റ്റാഫ് സെക്രട്ടറിമാരായ പിഎം ബിന്ദു, ആർ.രതീഷ്, ജീവ കാരുണ്യ പ്രവർ ത്തകൻ അബ്ബാ മോഹനൻ,സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ക്ലാപ്പന ഷിബു, മറ്റ് മാനേജുമെൻ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ എ.എസ്.ഷീജ സ്വാഗതവും ഹെഡ്മാസ്റ്റർ എസ്.സജികുമാർ നന്ദിയും പറഞ്ഞു.