മിഥുൻ്റെ സംസ്‌കാരം ഇന്ന് : അന്ത്യ ചുംബനമേകാന്‍ അമ്മയെത്തും

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍റെ സംസ്‌കാരം ഇന്ന് നടക്കും. കുവൈറ്റില്‍ നിന്നും അമ്മ സുജ ഇന്ന് രാവിലെ നാട്ടിലെത്തും .
തുടര്‍ന്ന് ഉച്ചയ്‌ക്ക് 2 മണിയോടെ വീട്ടില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മൃതദേഹം രാവിലെ 10 മണിയോടെ പൊതുദര്‍ശനത്തിന് വയ്‌ക്കും. പൊതുദര്‍ശനത്തിന് പിന്നാലെ ഉച്ചയ്‌ക്ക് 12 മണിക്ക് വീട്ടിലെത്തിച്ചും പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷം വൈകിട്ട് 4 മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വലിയ ജനരോഷം ഉയരുന്നുണ്ട്. അതേസമയം സംഭവത്തില്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. പ്രതിഷേധം ശക്തമായതോടെ സ്‌കൂള്‍ പ്രധാനാധ്യാപികയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ ഡിഇഒയുടെ ചുമതല വഹിച്ചിരുന്ന എഇഒ ആന്‍റണി പീറ്ററില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.