നിമിഷ പ്രിയ മോചനം: നയതന്ത്ര സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതിഅനുമതി

എറണാകുളം: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് തള്ളിയാണ് കോടതി നടപടി സ്വീകരിച്ചത്. നിമിഷയുടെ മോചന ശ്രമങ്ങളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പങ്ക് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായുള്ള പ്രതിനിധി സംഘത്തിൻ്റെ യെമനിലേക്കുള്ള യാത്രാനുമതിക്കായി ആക്ഷൻ കൗൺസിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കൗൺസിലിൻ്റെ അപേക്ഷ ലഭിച്ചാൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനും ദയാധന ചർച്ചകൾ നടത്താനും ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. ഇതിൽ രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളാകണം. രണ്ടുപേർ നിലവിൽ ചർച്ചകൾ നടത്തുന്ന കാന്തപുരത്തിൻ്റെ പ്രതിനിധികളായിരിക്കണം. രണ്ടുപേർ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരാകണം എന്നാണ് നിർദേശം.
ആക്ഷൻ കൗൺസിൽ പ്രതിനിധികളായി അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ (സുപ്രീം കോടതി അഭിഭാഷകൻ, കൗൺസിൽ നിയമോപദേഷ്ടാവ്), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (കൗൺസിൽ ട്രഷറർ) എന്നിവരെയാണ് നിർദേശിച്ചത്. മർകസ് പ്രതിനിധികളായി അഡ്വ ഹുസൈൻ സഖാഫി (അന്താരാഷ്ട്ര തലത്തിൽ ഇടപെടുന്ന മുസ്‌ലിം പണ്ഡിതൻ), ഹാമിദ് (യെമൻ ബന്ധമുള്ള വ്യക്തി) എന്നിവരെയും നയതന്ത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്നും ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചതായും കേസ് അടിയന്തരമായി കേൾക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയെ അറിയിച്ചു. മൂന്ന് ആഴ്ചത്തേക്ക് കേസ് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിമിഷയുടെ മോചനത്തിനായുള്ള ചർച്ചകൾ നടത്താനുള്ള അവകാശം അമ്മയ്ക്കാണ്, അവർ യെമനിലുണ്ട് എന്നും അറ്റോണി ജനറൽ പറഞ്ഞു. പ്രതിനിധി സംഘത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് തള്ളിയ കോടതി, ആരുടെ ഇടപെടലാണ് ഫലം ചെയ്യുകയെന്ന് പറയാനാവില്ലെന്ന് മറുപടി നൽകി.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചതിലുള്ള ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരത്തിൻ്റെ പങ്ക് നാല് തവണയാണ് ആക്ഷൻ കൗൺസിലിൻ്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ അറ്റോണി ജനറൽ ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതിയിൽ ഹാജരായ അഡ്വ സുഭാഷ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് കാന്തപുരത്തിൻ്റെ ഇടപെടൽ തള്ളിയിരുന്നു.