ജീവനക്കാര്‍ക്ക് 10 ദിവസത്തെ വിവാഹ അവധി: ദുബായിൽ ഉത്തരവ് പുറപ്പെടുവിച്ച് ഭരണാധികാരി

ദുബായ്: ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി നമ്പര്‍ (31)2025 ആണ് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചത്.
സർക്കാർ മേഖലയില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂർണ വേതനത്തില്‍ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറല്‍ ഉത്തരവ് വ്യക്തമാക്കുന്നു. ഈ വിവാഹാവധി, ജീവനക്കാർക്ക് അവരുടെ തൊഴില്‍ സ്ഥലത്തെ മാനവ വിഭവശേഷി നിയമപ്രകാരം ലഭ്യമായ മറ്റ് അവധികളുമായി സംയോജിപ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.ദുബായ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, സർക്കാർ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലുമുള്ള സ്വദേശി ജീവനക്കാർക്കും ഈ നിയമം ബാധകമാകും.
ഇതില്‍ ദുബൈ ഇന്‍റര്‍നാഷണല്‍ ഫിനാൻഷ്യല്‍ സെന്‍ററും (DIFC)ഉള്‍പ്പെടുന്നു. ഇതോടെ, ജുഡീഷ്യല്‍ അധികാരത്തിലുള്ള എമിറാത്തി അംഗങ്ങളും, ദുബൈയിലെ സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരും ഈ നിയമത്തിന്‍റെ പരിധിയിലാകും.
നിബന്ധനകള്‍ ഇങ്ങനെ
• ജീവനക്കാരന്‍റെയോ ജീവനക്കാരിയുടെയോ (ഭര്‍ത്താവ്/ഭാര്യ) എമിറാത്തി ആയിരിക്കണം.
• ജീവനക്കാരന്‍/ ജീവനക്കാരി പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരിക്കണം.
2024 ഡിസംബര്‍ 31ന് ശേഷം വിവാഹ കരാര്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
• വിവാഹ അവധി കാലയളവില്‍ ജീവനക്കാർക്ക് അവരുടെ മുഴുവൻ ശമ്പളവും (gross salary), മാനവ വിഭവ ശേഷി നിയമത്തില്‍ വിശദമാക്കുന്ന എല്ലാ അലവൻസുകളും സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിവാഹ കരാര്‍ പൂര്‍ത്തിയാക്കിയ തീയതിയില്‍ നിന്നും ഒരു വർഷത്തിനുള്ളില്‍, ഈ അവധി തുടർച്ചയായോ ഇടവേളകളിലായോ ഉപയോഗിക്കാൻ ജീവനക്കാർക്ക് അവസരമുണ്ടാകും.