ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

0
high court

ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനുള്ള അടിസ്ഥാനപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്ന് കോടതി

എറണാകുളം: സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിനൽകികൊണ്ട് ഗതാഗത കമ്മിഷണറിൻ്റെ ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്കരണ ഉത്തരവുകൾക്കെതിരെ ഹൈക്കോടതി.

പരീക്ഷ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി. ഡ്രൈവിങ് ടെസ്റ്റ് കാര്യക്ഷമമാക്കാനെന്ന പേരിലായിരുന്നു ഗതാഗത കമ്മിഷണർ പരിഷ്കരണങ്ങൾ കൊണ്ടുവന്നത്.ഇതാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

ഡ്രൈവിങ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത് എന്നതായിരുന്നു ഗതാഗത കമ്മിഷണറുടെ പ്രധാന പരിഷ്കരണ മാനദണ്ഡം. പഴയ വാഹനങ്ങൾ ആധുനിക സാങ്കേതികവിദ്യയ്ക്ക് അനുസൃതമല്ലെന്നായിരുന്നു ഇതിനു കാരണമായി കമ്മിഷണർ പറഞ്ഞിരുന്നത്. എന്നാൽ, ഡ്രൈവിങ് സ്കൂളുകാർ ഈ തീരുമാനത്തെ ശക്തമായി എതിർത്തു. ഇത് ഏകപക്ഷീയമായ വാഹന നിരോധനമാണെന്നും തങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ വാദിച്ചു.

ഡ്രൈവിങ് പരിശീലന വാഹനങ്ങൾക്ക് ഡാഷ് ബോർഡ് കാമറ നിർബന്ധമാക്കിയത്, ഡ്രൈവിങ് പരിശീലനം റെക്കോഡ് ചെയ്യണം എന്ന നിർദേശം, ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ കമ്പ്യൂട്ടറൈസ്ഡ് ആക്കണം എന്ന നിർബന്ധം, ഡ്രൈവിങ് പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത വേണം തുടങ്ങിയ ഗതാഗത കമ്മിഷണറുടെ മറ്റ് ഉത്തരവുകളും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. ഈ നിർദേശങ്ങൾ പ്രായോഗികമല്ലെന്നും അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഡ്രൈവിങ് സ്കൂളുകൾ ചൂണ്ടിക്കാട്ടി.

ഡ്രൈവിങ് സ്കൂളുകൾ സമർപ്പിച്ച ഹർജികളിൽ ഉന്നയിച്ച പ്രധാന വാദം, കേന്ദ്ര സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളിലാണ് സംസ്ഥാന ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയതെന്നതാണ്. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനുള്ള അടിസ്ഥാനപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കേന്ദ്ര നിയമങ്ങളെ മറികടന്ന് സ്വന്തം നിലയ്ക്ക് ചട്ടങ്ങൾ നിർമിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതിയുടെ ഈ വിധി സംസ്ഥാന സർക്കാരിനും ഗതാഗത വകുപ്പിനും വലിയ തിരിച്ചടിയാണ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളിലൂടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ഇത് താൽക്കാലികമായി തടയിട്ടു. ഡ്രൈവിങ് രംഗത്തെ പരിഷ്കരണങ്ങൾ ലക്ഷ്യമിട്ട് നടപ്പാക്കിയ പല നടപടികളും ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *