ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച്‌ തട്ടിയെടുത്ത പണം കണ്ടെത്തി : 40 ലക്ഷം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍

0
insaf

കോഴിക്കോട്:രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരെ കബളിപ്പിച്ച തട്ടിയെടുത്ത 40 ലക്ഷം രൂപ കണ്ടെത്തി.പന്തീരാങ്കാവ് സമീപം കൈമ്പാലം പള്ളിപുറം ഉള്ളാട്ടിൽഎന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ്  കസ്റ്റഡിയിലെടുത്ത പ്രതി ഷിബിൻലാലുമായി പൊലീസ് തെളിവെടുപ്പിന് എത്തിയത് ചോദ്യം ചെയ്യലിൽ പ്രതി പണം കുഴിച്ചിട്ട വിവരം പൊലീസിനോട് സമ്മതിച്ചു.

പ്രതിയുമായി സ്ഥലത്തെത്തിയ പൊലീസിന് പണം കുഴിച്ച് മൂടിയ സ്ഥലം പ്രതി കാണിച്ചുകൊടുത്തു. തുടർന്ന് മണ്ണ് നീക്കിയപ്പോഴാണ് പണം കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരൻ കൊണ്ടുവന്ന ബാഗ് ചാക്കിൽ കെട്ടി അതിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു കുഴിയിൽ ഉണ്ടായിരുന്നത്.പുറത്തെടുത്ത ബാഗ് തുറന്നു പരിശോധിച്ചപ്പോൾ മുപ്പത്തി ഒൻപത് ലക്ഷം രൂപ ബാഗിൽ നിന്നും കണ്ടെത്തി ഈ പണം മഴയിൽ നനഞ്ഞ് കുതിർന്ന നിലയിലായിരുന്നു. കൂടാതെ നിരവധി രേഖകളും ചെക്ക് ലീഫുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വ്യാജരേഖ ചമക്കുന്നതിനുവേണ്ടി പ്രതി ഉപയോഗിച്ച സീലും കണ്ടെത്തിയിട്ടുണ്ട്.

ജൂൺ പതിനൊന്നിനാണ് വിവാദമായ നാൽപ്പത് ലക്ഷം രൂപ രാമനാട്ടുകരയിലെ ഇസാഫ് ബാങ്ക് ജീവനക്കാരിൽ നിന്നും തട്ടിയെടുത്ത് പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടത്. തുടർന്ന് ബാങ്ക് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് ഊർജിതമായ അന്വേഷണം നടത്തി അന്ന് രാത്രി തന്നെ പ്രതി ഉപയോഗിച്ച് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.

അടുത്ത ദിവസം പാലക്കാട് വച്ച് പ്രതിയെയും കസ്റ്റഡിയിലെടുത്തു. ആദ്യ ചോദ്യം ചെയ്യലിൽ ഒരു ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചിരുന്നത് എന്നാണ് പ്രതി പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിചോദ്യം ചെയ്തെങ്കിലും അതേ മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.റിമാന്റിലായിരുന്ന ഇയാളെ ഇന്നലെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. പൊലീസിൻ്റെ ശാസ്ത്രീയ അന്വേഷണ മികവാണ് പന്തീരാങ്കാവിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ തുമ്പ് ഉണ്ടാക്കുന്നതിനും പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിലും പണംകണ്ടെത്തുന്നതിനും കാരണമായതെന്ന് ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്‍റ് കമ്മീഷണർ എം സിദ്ദിഖ് പറഞ്ഞു. കണ്ടെത്തിയ പണം എണ്ണിതിട്ടപ്പെടുത്തി ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *