നിമിഷപ്രിയയുടെ വധശിക്ഷ: ചര്‍ച്ച ഇന്നും തുടരും

0
NIMISHA PRIYA

എറണാകുളം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള ശ്രമത്തിന്‍റെ ഭാഗമായി യെമനിൽ നടക്കുന്ന ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച തീരുമാനമായിരുന്നില്ല. ദിയാ ധനം സ്വീകരിച്ച് നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന ആവശ്യത്തിൽ, കുടുംബാംഗങ്ങൾ ചർച്ച ചെയ്‌ത് തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞ ദിവസം മറുപടി നൽകിയത്.

ഇതോടെ കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബത്തിന്‍റെ മറുപടി കാത്തിരിക്കുകയാണ് പ്രതിനിധിസംഘം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാറുടെ ഇടപെടലിനെ തുടർന്ന് യെമൻ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. യെമനിലെ പ്രമുഖ പണ്ഡിതൻ ഹാഫിള് ഹബീബ് ഉമറിന്‍റെ പ്രതിനിധി, ഗോത്ര നേതാക്കൾ, കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബത്തിൽ നിന്നുള്ള പ്രതിനിധി, ജൂഡീഷ്യറിയുടെ ഭാഗമായുള്ള പ്രമുഖരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ദിയാധനം സ്വീകരിച്ച് കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്നായിരുന്നു യെമനിലെ സുന്നി പണ്ഡിതന്മാർ ആവശ്യപെട്ടത്. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കാരന്തൂർ മർകസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്‌ച നടത്തി. നിമിഷപ്രിയയുടെ മോചനത്തിനായുള്ള കാന്തപുരത്തിന്‍റെ ഇടപെടലിനെ തുടർന്ന് യെമനിൽ ചർച്ചകൾ തുടങ്ങിയ സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ കാന്തപുരത്തെ സന്ദർശിച്ചത്.ആക്ഷൻ കമ്മിറ്റിയുമായി സഹകരിക്കുന്ന തമിഴ്‌നാട് സ്വദേശി സാമുവൽ യമനിലെ മധ്യസ്ഥരുമായി ചർച്ച നടത്തിയിരുന്നു. യെമനിലുള്ള നിമിഷയുടെ അമ്മ പ്രേമകുമാരി വധശിക്ഷ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് യെമൻ ഡയറക്‌ടർ ജനൽ ഓഫ് പ്രോസിക്യൂഷന് നിവേദനം നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബവുമായി ചർച്ചകൾ നടക്കുകയാണെന്നും ദിയാധനം നൽകാൻ തയ്യാറാണെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

വധ ശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ച തീയതിക്ക് കേവലം ഒരു ദിവസം മാത്രം അവശേഷിക്കെ വിവിധ തലങ്ങളിലുള്ള മോചന ശ്രമം ഉർജിതമായി തുടരുകയാണ്.അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായിപരമാവധി ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാറിന് പരിമിതിയുണ്ട്.വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ശ്രമം തുടരും. വധശിക്ഷ ഉടൻ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് യെമൻ അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. അടുത്ത ദിവസം വധ ശിക്ഷ നടപ്പിലാക്കില്ലന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *