സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ദാരുണാന്ത്യം

ചെന്നൈ : സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജുവിന് ദാരുണാന്ത്യം. ചിത്രീകരണത്തിനിടെയുള്ള കാര്‍ സ്റ്റണ്ടിനിടെയായിരുന്നു അപകടം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആര്യയുടെ പുതിയ ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം.തമിഴ് നടൻ വിശാൽ ആണ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വൈകാരിക കുറിപ്പിനൊപ്പമാണ് രാജുവിന്റെ മരണവാര്‍ത്ത വിശാല്‍ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി നിരവധി പ്രോജക്ടുകളില്‍ വിശാല്‍, രാജുവിനൊപ്പം സഹകരിച്ചിട്ടുണ്ട്.
രാജുവിന്റെ മരണം തനിക്ക് ഉള്‍ക്കൊള്ളാന്‍ കവിയുന്നില്ലെന്നാണ് വിശാല്‍ പറയുന്നത്. തന്റെ നിരവധി സിനിമകളില്‍ രാജു അപകടകരമായ നിരവധി സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വളരെ ധീരനായ വ്യക്തിയാണെന്നുമാണ് വിശാല്‍ പറയുന്നത്. രാജുവിന്റെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വിശാല്‍ അറിയിച്ചു.
“ഇന്ന് രാവിലെ രഞ്ജിത്തിന്റെ സിനിമയില്‍ കാര്‍ മറിഞ്ഞ് വീഴുന്ന രംഗം ചെയ്യുന്നതിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജു അന്തരിച്ചു എന്ന വിവരം ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. വര്‍ഷങ്ങളായി രാജുവിനെ അറിയാം. എന്റെ സിനിമകളില്‍ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ട്. കാരണം അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്. എന്റെ അഗാതമായ അനുശോചനങ്ങള്‍. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”, വിശാല്‍ കുറിച്ചു.
രാജുവിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതിനൊപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും വിശാല്‍ ഉറപ്പുനില്കി.”ഈ വലിയ നഷ്ടത്തില്‍ രാജുവിന്റെ കുടുംബത്തിന് ദൈവം കൂടുതല്‍ ശക്തി നല്കട്ടെ.. ഇതൊരു ട്വീറ്റ് മാത്രമല്ല.. ഒരേ സിനിമ മേഖലയിൽ നിന്നുള്ള വ്യക്തി എന്ന നിലയിലും, നിരവധി സിനിമകൾക്ക് രാജു നൽകിയ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് ഭാവിയില്‍ ഞാന്‍ തീര്‍ച്ചയായും കൂടെ ഉണ്ടാകും. എന്റെ ഹൃദയത്തില്‍ തൊട്ട് പറയുന്നു..ഞാന്‍ അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കും. ദൈവം അനുഗ്രഹിക്കട്ടെ”, വിശാല്‍ കുറിച്ചു.
സ്റ്റണ്ട് മാന്‍ രാജുവിന്റെ മരണം ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം കേട്ടത്. തെന്നിന്ത്യയിലെ നിരവധി പ്രമുഖര്‍ രാജുവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സില്‍വയും രാജുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.”നമ്മുടെ മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ ഒരാളായ എസ്.എം രാജു ഇന്ന് കാർ സ്റ്റണ്ട് ചെയ്യുന്നതിനിടെ മരിച്ചു. നമ്മുടെ സ്റ്റണ്ട് യൂണിയനും ഇന്ത്യൻ സിനിമാ വ്യവസായവും അദ്ദേഹത്തെ മിസ് ചെയ്യും”, സ്റ്റണ്ട് സില്‍വ കുറിച്ചു.